ന്യൂഡൽഹി: ഒക്ടോബർ രണ്ടുമുതൽ ട്രെയിനുകളിൽ പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി റെയിൽവേ. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക്ക് ട്രെയിനുകളിൽ നിരോധിക്കും.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ തീരുമാനം നടപ്പിലാക്കാനാണ് റെയിൽവേയുടെ തീരുമാനം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു.
നടപടികൾ വിശദീകരിച്ച് റെയിൽവെ എല്ലാ സോണുകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലും തീവണ്ടിക്കുള്ളിലും വിൽപന നടത്താൻ അനുമതിയുള്ള കച്ചവടക്കാർ പ്ലാസ്റ്റിക് ക്യാരിബാഗിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് ഇതര ബാഗുകൾ ഉപയോഗിക്കണമെന്നും ജീവനക്കാർക്കും റെയിൽവെ നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നിന്ന് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. തുടക്കമെന്ന നിലയിൽ പ്ലാസ്റ്റിക് നിർമിത വെള്ളക്കുപ്പികൾ യാത്രക്കാരിൽ നിന്ന് തിരികെ വാങ്ങുന്ന രീതിക്ക് ഐ.ആർ.സി.ടി.സി തുടക്കമിട്ടേക്കും.
ഒക്ടോബർ രണ്ടുമുതൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരണമെന്നും റെയിൽവേ സേവനം ഉപയോഗപ്പെടുത്തുന്നവരെ ഇക്കാര്യത്തിൽ ബോധവത്കരിക്കണമെന്നും റെയിൽവെ മന്ത്രാലയം എല്ലാ യൂണിറ്റുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ബോട്ടിൽ ക്രഷിങ് മെഷിനുകൾ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നതും പരിഗണനയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.