ന്യൂഡൽഹി :ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ ദില്ലി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.
സിബിഐ ഡയറക്ടര്‍ ആര്‍കെ ശുക്ല ദില്ലിയിലെ ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടു.
പിന്നാലെ ചിദംബരവുമായി സിബിഐ സംഘം ആസ്ഥാനത്തെ പത്താം നിലയിലേക്കെത്തി. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ടോടെയാവും കോടതിയില്‍ ഹാജരാക്കുക.
സിബിഐ സംഘത്തിന്‍റെ പിടിയിലാവുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് രാത്രി എട്ടരയോടെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ വാര്‍ത്താ സമ്മേളനത്തിലേക്ക് ചിദംബരം എത്തിയത്.
എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് ചിദംബരം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വായിച്ചത്.
രാഷ്ട്രീയ പകപോക്കലിന് ചിദംബരത്തെ വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പിന്നാലെ, സിബിഐ സംഘം തേടിയെത്തും മുമ്പ് കപില്‍ സിബലുമൊന്നിച്ച് ചിദംബരം കാറില്‍ അവിടംവിട്ടു.
അക്ബര്‍ റോഡ് കടക്കും വരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിദംബരത്തിന് വലയം തീര്‍ത്തിരുന്നു.
മതിൽ ചാടിക്കടന്ന് സിബിഐ സംഘം
എട്ടേമുക്കാലോടെ കപില്‍ സിബലും മനു അഭിഷേക് സിങ് വിക്കൊമൊപ്പം ചിദംബരം ജോര്‍ബാഗിലെ വീട്ടിലെത്തി. വീട്ടിലേക്ക് മടങ്ങിയ ചിദംബരത്തെ തേടി സിബിഐ ഉദ്യോഗസ്ഥരും അവിടെയെത്തി.
ഗേറ്റ് പൂട്ടിയതിനാൽ, എന്‍ഫോഴ്സ്മെന്‍റ് സംഘം മതില്‍ ചാടിക്കടന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചതോടെ കസ്റ്റഡി നടപടികളാരംഭിച്ചു. ചിദംബരത്തിന്‍റെ അറസ്റ്റിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ വന്‍ സംരക്ഷണ വലയമാണ് പൊലീസ് തീർത്തത്. ചിദംബരത്തിനെതിരെ ‘കള്ളൻ, കള്ളൻ’ എന്ന മുദ്രാവാക്യം വിളിയായിരുന്നു ഒരിടത്ത്.
യൂത്ത് കോൺഗ്രസ് സംഘത്തിന്‍റെ പ്രതിഷേധം മറുവശത്ത്. വീടിന് പുറത്ത് നേരിയ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു.
ജോയിന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള അമ്പതിലേറെ പൊലീസുകാരെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം പുറത്തേക്ക് കടന്നത്.
ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിന് മുന്നിലേക്ക് ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിന് മുകളിലേക്കും കയറി.
എന്നാൽ ഇവരെയെല്ലാം കാറിന് സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു.
ഇതിനിടെ, പിചിദംബരത്തെ അറസ്റ്റുചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മകന്‍ കാര്‍ത്തി ചിദംബരം രംഗത്തെത്തി.
ആരാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നതെന്ന് കാര്‍ത്തി മാധ്യമങ്ങളോട് ചോദിച്ചു. ‘അമേരിക്കന്‍ പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപാണ് ഇത് ചെയ്യുന്നതെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമല്ല. എല്ലാം ചെയ്യുന്നത് ബിജെപിയാണ്’- കാര്‍ത്തി ചെന്നൈയില്‍ പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.