നഗരത്തിലെ ജനസംഖ്യ ഒരു കോടി; പുതിയ പാർപ്പിട സമുച്ചയങ്ങൾക്ക് വിലക്ക്!!

ബെംഗളൂരു: നഗരത്തിൽ പുതിയ പാർപ്പിടസമുച്ചയങ്ങളുടെ നിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന. ചെന്നൈയിലെ കുടിവെള്ളക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിക്കൊരുങ്ങുന്നത്. ബെംഗളൂരുവിലെ ജനസംഖ്യ ഓരോവർഷവും കൂടുന്ന സാഹചര്യത്തിൽ കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള സമഗ്രപദ്ധതി തയ്യാറാക്കാനാണ് തീരുമാനം.

നഗരത്തിലെ ജനസംഖ്യ ഒരു കോടി കവിഞ്ഞിരിക്കുകയാണ്. നഗരജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് കുടിവെള്ളപദ്ധതികൾ നടപ്പായില്ല. നിലവിൽ പല പാർപ്പിടസമുച്ചയങ്ങളിലും സ്വകാര്യ ടാങ്കർ ലോറികളാണ് വെള്ളമെത്തിക്കുന്നത്. കെ.ആർ.എസ്. അണക്കെട്ടിൽനിന്നുള്ള കാവേരിനദീജലമാണ് നഗരത്തിലെ കുടിവെള്ളാവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്.

നഗരം ഐ.ടി. ഹബ്ബായതോടെ പാർപ്പിടസമുച്ചയങ്ങളുടെ എണ്ണം കൂടി. ഓരോ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലും കുടിവെള്ളാവശ്യത്തിനായി രണ്ടും മൂന്നും കുഴൽക്കിണറുകൾ കുഴിക്കുന്നു. ഇതോടെ ഭൂഗർഭജലവിതാനവും കുറഞ്ഞു. അടുത്ത അഞ്ചുവർഷത്തേക്ക് പുതിയ പാർപ്പിടസമുച്ചയങ്ങളുടെ നിർമാണത്തിന് വിലക്ക് പ്രഖ്യാപിക്കാനാണ് ആലോചന.

നഗരത്തിന്റെ വികസനച്ചുമതലയുള്ള ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദേശങ്ങൾ ഉരുത്തിരിഞ്ഞത്. മുൻകരുതൽനടപടിക്കാണ് കർണാടകസർക്കാർ തയ്യാറെടുക്കുന്നത്. ഇതോടൊപ്പം ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തും.

അഞ്ചുവർഷത്തേക്ക് കെട്ടിടനിർമാണാനുമതി നിഷേധിക്കാനാണ് ആലോചിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. നഗരത്തിൽ പുതുതായി വരുന്ന പാർപ്പിടസമുച്ചയങ്ങൾ കുടിവെള്ള ആവശ്യം നിറവേറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാറില്ല. ഈ സാഹചര്യത്തിലാണ് വെള്ളത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് പുതിയ പാർപ്പിടസമുച്ചയങ്ങൾക്ക് അനുമതി നിഷേധിക്കാൻ ആലോചിക്കുന്നത്.

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. ഇതു പൂർത്തിയാകാൻ അഞ്ചുവർഷംവേണ്ടിവരും. പദ്ധതി പൂർത്തിയാകുന്നതുവരെ പുതിയ പാർപ്പിടസമുച്ചയങ്ങൾക്ക് അനുമതി നിഷേധിക്കേണ്ടിവരും. വെള്ളത്തിന്റെ ആവശ്യം വർധിച്ചതിനെത്തുടർന്നാണ് കാവേരിനദിയിൽ മേക്കേദാട്ടിൽ അണക്കെട്ടു നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ തമിഴ്‌നാടിന്റെ എതിർപ്പുകാരണം പദ്ധതി വൈകുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us