വിഭൂതിപുരയിൽ അമ്മയും മകനും മരിച്ച സംഭവം; കേസന്വേഷണം പുതിയ വഴിതിരിവിലേക്ക്!!

ബെംഗളൂരു: എച്ച്.എ.എല്ലിനുസമീപം വിഭൂതിപുരയിൽ കടബാധ്യതമൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകനും മരിച്ച സംഭവത്തിൽ മൂന്നുസ്ത്രീകളുൾപ്പെടെ അഞ്ചു പണമിടപാടുകാരെ പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യാപ്രേരണയ്ക്കാണ് കേസെടുത്തത്.

കുടുംബനാഥനായ സുരേഷ്ബാബു പലർക്കായി അഞ്ചുലക്ഷം രൂപ കൊടുക്കാനുണ്ടായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനുമുമ്പ് പ്രതികൾ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായും പോലീസ് പറഞ്ഞു. പണം തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ ആത്മഹത്യചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പ്രതികൾ ഭാര്യയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സുരേഷ്ബാബു ചിത്രീകരിച്ചിരുന്നു.

വിഭൂതിപുര സ്വദേശികളായ സുധാ ദേവരാജ്, ഡെയ്സി ഷണ്മുഖം, പ്രഭാവതി വെങ്കട്ദാസ്, രാം ബഹദൂർ, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സുധയെ ചോദ്യംചെയ്തപ്പോഴാണ് മറ്റുള്ളവരുടെ പേരുകൾ വെളിപ്പെടുത്തിയത്. സുധയ്ക്ക് 40,000 രൂപയാണ് നൽകാനുണ്ടായിരുന്നത്. പലിശ നൽകണമെന്നാവശ്യപ്പെട്ട് സുധ ഉപദ്രവിച്ചിരുന്നതായി സുരേഷ്ബാബു പോലീസിനോട് പറഞ്ഞു.

മകൻ വരുണിനെ കെട്ടിത്തൂക്കിക്കൊന്നതിന്  സുരേഷ്ബാബുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ ആത്മഹത്യചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നാലംഗകുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മകനെ കെട്ടിത്തൂക്കിക്കൊന്നശേഷം ഭാര്യയെയും മകളെയും കൊലപ്പെടുത്തി ആത്മഹത്യചെയ്യാനായിരുന്നു സുരേഷ്ബാബുവിന്റെ ശ്രമം. ബഹളംകേട്ട് അയൽവാസികളെത്തിയപ്പോഴേക്കും മകൻ വരുണും ഭാര്യ ഗീതാഭായിയും മരിച്ചിരുന്നു. രക്ഷപ്പെട്ട പതിനേഴുകാരിയായ മകൾ മൊബൈലിൽ പകർത്തിയ കൂട്ട ആത്മഹത്യശ്രമത്തിന്റെ ദൃശ്യങ്ങളിലൂടെയാണ് ആത്മഹത്യയെക്കുറിച്ച് പുറംലോകമറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us