അംഗപരിമിതരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി പോരാടുന്ന പ്രജിത്ത് ജയ്പാൽ കാറിൽ ലോകയാത്രയ്ക്കൊരുങ്ങുന്നു. കാറപകടത്തെത്തുടർന്ന് ശരീരം തളർന്ന പ്രജിത്ത് ആറു ഭൂഖണ്ഡങ്ങളിലൂടെ എൺപതിനായിരം കിലോമീറ്റർ യാത്രചെയ്ത് എൺപത് രാജ്യങ്ങൾ സന്ദർശിക്കാനാണ് ലക്ഷ്യമിടുന്നത്. “ഡ്രൈവ് ഫോർ ഡിസെബിലിറ്റി, ഡ്രൈവ് ടു ഇൻസ്പയർ” എന്ന പേരിൽ ഒരുവർഷം നീളുന്ന യാത്ര ഡിസംബർ പതിനഞ്ചിന് കോഴിക്കോട്ടുനിന്ന് തുടങ്ങും.
അപകടത്തെത്തുടർന്ന് കഴുത്തിനുതാഴെ ശരീരം തളർന്ന് ക്വാഡ്രിപ്ലീജിയ എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന അവസ്ഥയിലായ പ്രജിത്ത് ജയ്പാൽ കഴിഞ്ഞവർഷം കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് സ്വന്തമായി കാറോടിച്ച് ചരിത്രം കുറിച്ചിരുന്നു.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനും പ്രജിത്തിനായി. അംഗപരിമിതർക്കായി പ്രജിത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി പൂർണപിന്തുണ വാഗ്ദാനം ചെയ്തു. തുടർന്ന് അമേരിക്ക സന്ദർശിക്കാനും പ്രജിത്തിന് അവസരം ലഭിച്ചു.
കൂടാതെ നിരവധി സാമുഹിക പ്രവർത്തങ്ങളും പ്രജിത്ത് “ദിവ്യങ്ക്” എന്ന ചാരിറ്റബിൾ ട്രസ്റ്റ് വഴി നടത്തിവരുന്നു, പ്രളയാകാലത്ത് പ്രജിത്തിന്റെ പ്രവർത്തനം വിലമതിക്കാത്തതാണ്, പ്രളയത്തിൽ വീൽ ചെയർ നഷ്ടപ്പെട്ടവർക്ക് വീൽ ചെയർ വിതരണം ചെയ്തിരുന്നു, കൂടാതെ ഒരു മോട്ടിവേഷൻ ക്ലാസ്സുകളും ചെയ്തുവരുന്നു, സ്വയം വണ്ടി ഓടിച്ചാണ് പ്രജിത്ത് എവിടെയും പോകാാറുള്ളൂ.,
ഇന്ത്യയിൽ 2021-ൽ നടക്കുന്ന എബിലിറ്റി എക്സ്പോയിൽ വിവിധ രാജ്യങ്ങളിലെ കമ്പനികളെയും സംഘടനകളെയും പങ്കെടുപ്പിക്കുകയാണ് യാത്രയുടെ ഉദ്ദേശ്യമെന്ന് കോഴിക്കോട് സ്വദേശിയായ പ്രജിത്ത് പറയുന്നു. ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഇന്ത്യയിലും ഉണ്ടാവണം. ഇതിനായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഈ രംഗത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങൾ, ഡോക്ടർമാർ, മരുന്നുകൾ, ഉപകരണങ്ങൾ, സർവകലാശാലകൾ എന്നിവയെയെല്ലാം എക്സ്പോയിൽ ഒരുകുടക്കീഴിൽ അണിനിരത്തും.
കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്കാണ് യാത്രയുടെ ആദ്യഘട്ടം. ഡൽഹിയിൽനിന്ന് ചൈന, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്താൻ വഴി യൂറോപ്പിലും അവിടെനിന്ന് ഗൾഫ് രാജ്യങ്ങളിലുമെത്തും. പിന്നീട് അഫ്രിക്കൻ രാജ്യങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളും അമേരിക്കയും സന്ദർശിക്കും. ഓസ്ട്രേലിയ, സിംഗപ്പൂർ, നേപ്പാൾ വഴിയാണ് മടക്കയാത്ര. 2020 ഡിസംബറിൽ ഇന്ത്യയിൽ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്.
യാത്രയിൽ പ്രജിത്തിനൊപ്പം ഒരു ഡോക്ടറും കാർ മെക്കാനിക്കുമുണ്ടാവും. ആറുസ്ഥലങ്ങളിൽ കാർ കപ്പൽമാർഗം കൊണ്ടുപോവേണ്ടിവരും. ഒന്നരക്കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താനാണ് ശ്രമം. ജൂനിയർ ചേംബറാണ് (ജെ.സി.ഐ.) പ്രജിത്തിന്റെ യാത്രയ്ക്ക് പിന്തുണ നൽകുന്നത്. സഹായത്തിനായി കേന്ദ്രവിനോദ സഞ്ചാരവകുപ്പിനെയും പ്രജിത്ത് സമീപിച്ചിട്ടുണ്ട്. ക്വാഡ്രിപ്ലീജിയ അവസ്ഥയിലുള്ള ആരും ഇതുവരെ ഇത്രദൂരം സ്വന്തമായി കാർയാത്ര നടത്തിയിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.