ന്യൂഡൽഹി: ദേശീയരാഷ്ട്രീയത്തിൽ പ്രാദേശികപാർട്ടികളുടെ സ്വാധീനവും സാന്നിധ്യവും ഇനി പഴങ്കഥയാവുന്നു!! 1996 മുതലാണ് മുന്നണികളും ചെറുപാർട്ടികളും സജീവമായത്. അന്നുമുതലുള്ള എല്ലാ സർക്കാരുകൾക്കും സഖ്യകക്ഷികളുടെ സമ്മർദത്തിന് വഴങ്ങേണ്ടിവന്നിട്ടുണ്ട്. ദേവഗൗഡ, ഐ.കെ. ഗുജ്‌റാൾ, വാജ്‌പേയ്, മൻമോഹൻ സിങ് സർക്കാരുകളെല്ലാം സമ്മർദത്തിനും വിലപേശലിനും ഇരയായിട്ടുണ്ട്.
ഇപ്പോൾ ബി.ജെ.പി.ക്ക് സ്വന്തംനിലയ്ക്ക് മുന്നൂറിലേറെ സീറ്റുകൾ കിട്ടയതിനാൽ അത്തരമൊരു സമ്മർദം നേരിടേണ്ടിവരില്ല. 2014-ൽ ബി.ജെ.പി.ക്ക് സ്വന്തംനിലയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും സർക്കാരിന്റെ അവസാനകാലത്ത് സഖ്യകക്ഷികളായ ശിവസേനയിൽനിന്ന് നിരന്തരം സമ്മർദമുണ്ടായി. ഒട്ടേറെ ഉപതിരഞ്ഞെടുപ്പുകളിൽ തോൽക്കുകയും തെലുഗുദേശം പിന്തുണ പിൻവലിക്കുകയും ചെയ്തശേഷമുണ്ടായ രാഷ്ട്രീയസാഹചര്യത്തിൽ നരേന്ദ്രമോദിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം കുറഞ്ഞിരുന്നു. സർക്കാർ ആടിനിന്ന സന്ദർഭങ്ങൾവരെ ഉണ്ടായി. സഭയിൽ തുടർച്ചയായി അവിശ്വാസപ്രമേയങ്ങൾക്ക് നോട്ടീസ് കൊടുത്തിട്ടും സ്പീക്കർ സുമിത്രാ മഹാജൻ അവ അനുവദിച്ചില്ല. അത്തരം സാഹചര്യങ്ങളെല്ലാം മറികടക്കുന്നതാണ് ഈ തിരഞ്ഞെടുപ്പുഫലം.
എൻ.ഡി.എ. സഖ്യകക്ഷികളായ ശിവസേനയ്ക്ക് 18-ഉം ജനതാദൾ-യുവിന് 16-ഉം എൽ.ജെ.പി.ക്ക് ആറും അകാലിദളിന് രണ്ടും സീറ്റുകളാണുള്ളത്. അവയ്ക്കൊന്നും ബി.ജെ.പിയുടെ രാഷ്ട്രീയനിലപാടുകളെയോ അജൻഡകളെയോ സ്വാധീനിക്കാനാവില്ല. പ്രതിപക്ഷത്താകട്ടെ യു.പി.എ.യിലെ ഘടകകക്ഷികളിൽ ഡി.എം.കെയ്ക്ക് മാത്രമാണ് ഇപ്പോൾ രണ്ടക്കമുള്ളത് -23 സീറ്റ്. എൻ.സി.പി.ക്ക് നാലുസീറ്റുണ്ട്. ഇരുമുന്നണികളിലുമില്ലാത്ത ബി.ജെ.ഡി.ക്ക് 13, വൈ.എസ്.ആർ. കോൺഗ്രസിന് 22, ബി.എസ്.പി.ക്ക് 10, എസ്.പി.ക്ക് അഞ്ച്, ടി.ആർ.എസിന് ഒമ്പത് എന്നിങ്ങനെയാണ് അംഗബലം. സ്വാഭാവികമായും സംസ്ഥാന, പ്രാദേശികവിഷയങ്ങൾ ഈ പാർട്ടികൾ അടുത്ത പാർലമെന്റിൽ ഉയർത്തിക്കൊണ്ടുവരുമെങ്കിലും പഴയതുപോലെ അവർക്ക് സമ്മർദം ചെലുത്താനോ സർക്കാരിനെ സ്വാധീനിക്കാനോ കഴിയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.