സ്ഥിരമായി എ.സി. കോച്ചിൽ യാത്രചെയ്ത് കവർച്ച; മലയാളി ഹോട്ടലുടമ അറസ്റ്റിൽ!!

ചെന്നൈ: സ്ഥിരമായി എ.സി. കോച്ചുകളിൽ യാത്ര ചെയ്ത് സഹയാത്രികരുടെ സ്വർണവും പണവും കവരുന്ന മലയാളിയുവാവിനെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു. മലേഷ്യയിൽ ഹോട്ടൽ ഉടമസ്ഥനായ തൃശ്ശൂർ ചാവക്കാട് തൊഴിക്കാവ് എരിച്ചം വീട്ടിൽ ഷാഹുൽ ഹമീദ് (39) ആണ് അറസ്റ്റിലായത്. മലേഷ്യയിലുള്ള ഹോട്ടൽ വാങ്ങാൻ പണം സമ്പാദിച്ചത് തീവണ്ടികളിലെ കവർച്ചകളിലൂടെയാണെന്ന് പോലീസ് പറഞ്ഞു.

30 കേസുകളിൽ പ്രതിയായ ഷാഹുൽ ഹമീദിൽനിന്ന് 110 പവൻ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. മലേഷ്യയിൽ ഹോട്ടൽ വാങ്ങിയിട്ടും തന്റെ ‘തൊഴിൽ’ ഷാഹുൽ ഹമീദ് ഉപേക്ഷിച്ചില്ല. മലേഷ്യയിൽനിന്നാണ് ചെന്നൈയിലെത്തിയത്. എ.സി.കോച്ചുകളിൽ ബുക്കുചെയ്ത് യാത്രചെയ്താൽ യാത്രക്കാർക്ക് സംശയം തോന്നില്ലെന്നും കവർച്ച നടത്താൻ എളുപ്പമാണെന്നും ഇയാൾ പോലീസിന് മൊഴി നൽകി. പുലർച്ചെ രണ്ടുമണിയോടെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാലാണ് ഇയാൾ ആഭരണവും ബാഗുകളും കൈക്കലാക്കി രക്ഷപ്പെടുക.

2016 മുതൽ തീവണ്ടികളിൽ കവർച്ച നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ ആഭരണങ്ങളും ബാഗുകളുമാണ് പലപ്പോഴും കവർന്നിരുന്നത്. തൃശ്ശൂർ, മുംബൈ എന്നിവിടങ്ങളിലെ ജൂവലറികളിലാണ് സ്വർണം വിൽപ്പന നടത്തിയിരുന്നത്. മലേഷ്യയിൽ മാസത്തിൽ ഒരുതവണ സ്ത്രീകളെ അണിനിരത്തി മോഡൽ ഷോ നടത്തിയിരുന്നു. ചെന്നൈ സെൻട്രലിൽനിന്ന് മേയ് ഏഴിന് പിടിയിലായ ഷാഹുൽ ഹമീദിനെ റെയിൽവേ പോലീസ് ചോദ്യംചെയ്തപ്പോഴാണ് കവർച്ചയുടെ ചുരുൾ നിവർന്നത്.

പിടിയിലായ വിവരം ആദ്യം പോലീസ് പുറത്തുവിട്ടിരുന്നില്ല. 10 ദിവസമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ചോദ്യം ചെയ്ത് വരുകയായിരുന്നു. ഫസ്റ്റ് എ.സി., സെക്കൻഡ് എ.സി. ക്ലാസുകളിൽ ബുക്കുചെയ്ത് യാത്ര നടത്തി കവർച്ച നടത്തുന്ന കേസുകൾ അപൂർവമാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us