ബെംഗളൂരു: സംസ്ഥാനത്തെ പോലീസുകാർക്ക് ഡ്രൈവിങ് ലൈസൻസ് നിർബന്ധമാക്കുന്നു. എല്ലാ പോലീസുകാർക്കും ഇനി ഡ്രൈവിങ് ലൈസൻസ് നിർബന്ധം. വാഹനങ്ങൾ ഓടിക്കാനാവശ്യമായ എല്ലാ രേഖകളും പോലീസുകാർക്ക് ഉണ്ടാകണമെന്ന് കഴിഞ്ഞദിവസം ഡി.ജി.പി. നീലാമണി രാജു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
പോലീസ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടിയതിനെത്തുടർന്നാണ് നടപടി. ഡ്രൈവർക്ക് ലൈസൻസില്ലാത്തതിനാൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് നഷ്ടമായിട്ടുണ്ടെന്നും ഇത് പോലീസ് വകുപ്പിന് ബാധ്യതകൂട്ടുകയാണെന്നും ഡി.ജി.പി. വ്യക്തമാക്കി. എല്ലാ പോലീസുകാർക്കും ഡ്രൈവിങ് ലൈസൻസുണ്ടെന്ന കാര്യം ഉറപ്പുവരുത്താൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഡി.ജി.പി. നിർദേശം നൽകി.
നിലവിൽ ലൈസൻസ് ഇല്ലാത്തവർ എത്രയും വേഗം ലൈസൻസെടുക്കണം. ലൈസൻസ് ലഭിക്കുന്നതുവരെ ഒദ്യോഗിക വാഹനം ഉപയോഗിക്കരുതെന്നും സർക്കുലറിൽ പറയുന്നു. നഗരത്തിലേക്കാൾ ഗ്രാമമേഖലകളിലാണ് ലൈസൻസില്ലാത്ത പോലീസുകാർ ഔദ്യോഗികവാഹനം ഓടിക്കുന്നത് കൂടുതൽ. നിയമസംരക്ഷകർതന്നെ നിയമം ലംഘിക്കുന്നത് അനുവദിക്കില്ലെന്നും ഡി.ജി.പി. വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.