ബെംഗളൂരു: നഗരത്തിലെ ബെലന്ദൂർ തടാകം കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി വേനൽമഴ പെയ്തതോടെ വീണ്ടും പതഞ്ഞുപൊന്തി. മാലിന്യംനിറഞ്ഞ തടാകത്തിൽ മഴപെയ്താൽ പത രൂപപ്പെടുന്നതു പതിവാണ്.
ശനിയാഴ്ച വൈകീട്ടോടെയാണ് തടാകത്തിൽ ദുർഗന്ധത്തോടെ പത രൂപപ്പെട്ടത്. ഞായറാഴ്ച വൈകീട്ടും പതയ്ക്ക് ശമനമുണ്ടായിട്ടില്ല. റോഡിലേക്ക് വ്യാപിക്കാതിരിക്കാൻ അധികൃതർ പ്രത്യേകവേലികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കാറ്റടിക്കുമ്പോൾ നേരിയതോതിൽ പത റോഡിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
നഗരത്തിലെ ഏറ്റവും മലിനമായ തടാകമാണ് ബെലന്ദൂർ. വിവിധ രാസവസ്തുക്കളുടെ അമിതമായ സാന്നിധ്യമാണ് തടാകം പതഞ്ഞുപൊന്താനിടയാക്കുന്നത്. തടാകക്കരയിലെ സ്ഥാപനങ്ങളിൽനിന്നും പാർപ്പിടസമുച്ചയങ്ങളിൽനിന്നും മാലിന്യം ഒഴുക്കിവിടുന്നതാണ് രാസവസ്തുക്കൾ വെള്ളത്തിൽ കലരാൻ കാരണം. മഴപെയ്ത് വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുമ്പോഴാണ് പത രൂപപ്പെടുന്നത്. മഴക്കാലത്ത് റോഡിലേക്കും സമീപപ്രദേശങ്ങളിലേക്കും പത വ്യാപിക്കുന്നതും പതിവാണ്.
തടാകത്തിനു സമീപത്തെ സ്ഥാപനങ്ങളിലും പാർപ്പിടസമുച്ചയങ്ങളിലും മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളും നൽകിയിരുന്നു. വേനൽക്കാലത്ത് തടാകത്തിന്റെ മുകൾപ്പരപ്പിൽ ഒട്ടേറെത്തവണ തീപിടിക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യങ്ങളിൽനിന്നുണ്ടാകുന്ന വാതകമാണ് ഇതിനുകാരണമെന്നു കണ്ടെത്തിയിരുന്നു.
തടാകനവീകരണപദ്ധതി പൂർത്തിയാക്കാത്തതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തടാകനവീകരണത്തിനായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരം ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.