ഉദ്യാനനഗരിയിൽ അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മലയാളിയുടെ ബേക്കറി പൊളിക്കുന്നു!!!

ബെംഗളൂരു: നഗരത്തിലെ രണ്ടാമത്തെ ബേക്കറി എന്ന ഖ്യാതിയുള്ള ഫാത്തിമാ ബേക്കറിയാണ് പൊളിക്കുന്നത്. അരനൂറ്റാണ്ടിലേറെ പാരമ്പര്യവുമായി ഉദ്യാനനഗരിയുടെ ഇഷ്ടംനേടിയെടുത്ത മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമാ ബേക്കറി രണ്ടുമാസത്തിനുള്ളിൽ  ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ തൃശ്ശൂർ സ്വദേശി വി.എഫ്. ഡേവിഡ് പറഞ്ഞു.

മെട്രോ രണ്ടാംഘട്ടത്തിലെ സിൽക്ക് ബോർഡ് -നാഗവാര ഭൂഗർഭപാതയുടെ വെള്ളാറ റോഡ് സ്റ്റേഷനു വേണ്ടിയാണ് ഫാത്തിമാ ബേക്കറി പൊളിക്കുന്നത്. പകരം റിച്ച്മണ്ട് റോഡിലെ സേക്രഡ് ഹാർട്ട് പള്ളിക്കുസമീപം ബേക്കറി തുടങ്ങാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മേയ് രണ്ടിന് അവിടേയ്ക്ക് മാറും. ബേക്കറിയിരിക്കുന്ന സ്ഥലത്തിന്റെ 65 അടി താഴ്ചയിലൂടെയാണ് മെട്രോപാത കടന്നുപോകുന്നത്.

മെട്രോ സ്റ്റേഷനുവേണ്ടി സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ബി.എം.ആർ.സി.എൽ. രണ്ടുവർഷം മുമ്പ് നോട്ടീസ് അയച്ചിരുന്നു. അടുത്തമാസം ഭൂഗർഭപാതയുടെ നിർമാണം തുടങ്ങുമ്പോൾ ഫാത്തിമാ ബേക്കറിയും സമീപത്തെ കെട്ടിടങ്ങളും പൊളിക്കും. ബി.എം.ആർ.സി.എൽ നഷ്ടപരിഹാരം നൽകിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.

ബെംഗളൂരുവിലെ രണ്ടാമത്തെ ബേക്കറി എന്ന ഖ്യാതിയോടെ 1957-ലാണ് ജോൺസൺ മാർക്കറ്റിന് സമീപത്തെ ലെനാർഡ് റോഡിൽ ഡേവിഡിന്റെ പിതാവ് വി.പി. ഫ്രാൻസിസ് ചെറിയ രീതിയിൽ കച്ചവടം തുടങ്ങിയത്. ഇവിടത്തെ ബീഫ് പഫ്‌സ്, മട്ടൺ സമൂസ, ചിക്കൻ റോൾ തുടങ്ങിയവ നഗരവാസികൾക്ക് പ്രിയങ്കരമാണ്. ആംഗ്ലോ ഇന്ത്യക്കാരായിരുന്നു ആദ്യകാലങ്ങളിൽ ഉപഭോക്താക്കളിൽ അധികവും. ബ്രഡ്, ബൺ തുടങ്ങിയവ കൂടുതലും ഉപയോഗിച്ചിരുന്നത് ഇവരായിരുന്നു.

അഞ്ച് വർഷത്തിന് ശേഷം ബേക്കറി ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി. ഫാത്തിമാ മാതാവിന്റെ പ്രതിമ ലോക പര്യടനം നടത്തുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽ എത്തിയപ്പോളാണ് ഫാത്തിമാ ബേക്കറി എന്ന് പിതാവ് ഫ്രാൻസിസ് നാമകരണം ചെയ്തതതെന്ന് ഡേവിഡ് പറഞ്ഞു. ഫാത്തിമാ ബേക്കറി സ്ഥാപിക്കുന്നതിന് രണ്ടുവർഷം മുമ്പ് സ്ഥാപിച്ച ‘കോശീസ്’ ബേക്കറിയാണ് ബെംഗളൂരുവിലെ ആദ്യ മലയാളി ബേക്കറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us