ഇടക്കാല ബജറ്റ് ഉടന്‍ ലോക്സഭയില്‍ അവതരിപ്പിക്കും;അരുണ്‍ ജെറ്റ്ലിക്ക് പകരം ബജറ്റ് അവതരിപ്പിക്കുന്ന പിയൂഷ് ഗോയല്‍ സഭയിലെത്തി.

കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കും. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത.  അതേസമയം ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സർക്കാർ പാർലമെന്‍റിൽ വയ്ക്കാത്തത് വിവാദമായി.

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തിൽ റെയിൽ മന്ത്രി പിയൂഷ് ഗോയൽ തന്‍റെ കന്നി ബജറ്റാകും ലോക്സഭയിൽ അവതരിപ്പിക്കുക. ബജറ്റിന് അവസാന രൂപം നൽകിയ ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ മന്ത്രി പ്രതികരണത്തിന് തയ്യാറായില്ല. സമ്പൂര്‍ണ്ണ ബജറ്റായിരിക്കുമെന്ന് ആദ്യം സൂചന നൽകിയ സര്‍ക്കാര്‍ പിന്നീട് ഇടക്കാല ബജറ്റെന്ന് തിരുത്തി. എന്നാൽ ഒരു സാധാരണ ബജറ്റിന്‍റെ സ്വഭാവം തന്‍റെ ബജറ്റിന് ഉണ്ടാകുമെന്ന സൂചനയാണ് പിയൂഷ് ഗോയൽ ദില്ലിയിൽ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിൽ നൽകിയത്.

വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തിൽ സര്‍ക്കാരിൽ നിന്ന് വിശദീകരണം തേടാനാണ് പ്രതിപക്ഷ തീരുമാനം. നോട്ട് അസാധുവാക്കൽ, ജി എസ് ടി എന്നിവക്ക് ശേഷം മധ്യവര്‍ഗ്ഗത്തിലുള്ള അതൃപ്തി പരിഹരിക്കാൻ ആദായ നികുതി സ്ലാബുകളിൽ മാറ്റം വന്നേക്കാം. നിലവിലുള്ള രണ്ടര ലക്ഷം എന്നത് അഞ്ച് ലക്ഷം രൂപയാക്കുമെന്ന ഊഹാപോഹം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നു. കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം എത്തിക്കുന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വനിത ക്ഷേമത്തിനായി 5000 കോടി രൂപ കൂടി മാറ്റിവെച്ചേക്കും. പ്രസവ അവധി കൂട്ടുന്നതുകാരണം സ്ഥാപനങ്ങൾക്കുള്ള നഷ്ടത്തിൽ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കാനുള്ള തുകയും മാറ്റിവെച്ചേക്കും. സാമ്പത്തിക സര്‍വ്വെ ബജറ്റിന് മുമ്പ് പാര്‍ലമെന്‍റിൽ വെക്കാത്തതിന് ഒരു കാരണവും സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.

വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ച 6.7 നെക്കാൾ അര ശതമാനം കൂടി 7.2 ആയെന്ന കണക്കുകൾ വൈകീട്ടോടെ സര്‍ക്കാര്‍ പുറത്തുവിട്ടു. ആയുഷ്മാൻ ഭാരത്, ഗ്രാമീണ വീട് നിര്‍മ്മാണം, നഗരഗതാഗതം തുടങ്ങിയവക്ക് ഊന്നൽ ഉണ്ടാകുമെന്നാണ് സൂചന. എന്തായാലും തെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷം ഒരുക്കുന്നതാകും മൂന്നുമാസത്തെ പ്രസക്തി മാത്രമുള്ളതാണെങ്കിലും പിയൂഷ് ഗോയലിന്‍റെ ബജറ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us