മുനമ്പം മനുഷ്യക്കടത്ത്: സംഘം പോയത് ഓസ്‌ട്രേലിയയിലേയ്ക്ക്

കൊച്ചി: മുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പുറപ്പെട്ടതെന്നാണ് വിവരം. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവർ തന്നെയാണ് ഇപ്പോഴത്തെ ഈ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റിയുള്ള സൂചന നൽകിയത്.

ഓസ്ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്‍റെ ഇടനാഴിയാണ് ഈ ദ്വീപ്.

തമിഴ്നാട്ടിൽ ശ്രീലങ്കൻ അഭയാർഥി ക്യാപുകളിൽ കഴിയുന്നവരാണ് ജയമാതാ ബോട്ടിൽ കൊച്ചി തീരം വിട്ടതെന്നും ഒരു സംശയമുണ്ട്. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേർ മുമ്പും കൊച്ചി വഴി സമാനരീതിയിൽ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം.

തമിഴ്നാട്ടിലെ ഈ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും കരുതുന്നു. ഇതിനിടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട 42 പേരെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി.

നെടുമ്പാശേരി വിമാനത്താവളം വഴി ചിലർ എത്തിയതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഘത്തിൽ ഒരു ഗർഭിണിയുണ്ടെന്നും ഇവർ ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു.

പുറപ്പെട്ട 42 പേരും മുനമ്പത്തുനിന്നല്ല ബോട്ടിൽ കയറിയതെന്നാണ് കരുതുന്നത്. പ്രദേശവാസികൾക്ക് സംശയം തോന്നാതിരിക്കാൻ സമീപത്തെ വിവിധ തീരങ്ങളിലേക്ക് ബോട്ട് അടുപ്പിക്കുകയായിരുന്നു.

12000 ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടിരിക്കുന്നത്. 15 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്ന് കരുതുന്നു. ഒരുമാസത്തേക്ക് മരുന്നുശേഖരിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ലഭിച്ചു. ഡല്‍ഹി, ചെന്നൈ വഴിയെത്തിയ സംഘം താമസിച്ചത് ചെറായിയിലെ ലോഡ്ജുകളിലാണ്.

അഭയാര്‍ത്ഥികളായി മാറി പിന്നീട് രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. അതേ സമയം ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചാം തീയതി നാല്പതംഗ സംഘം ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗവുംഎട്ടാം തീയതി മറ്റ് മൂന്ന് പേര്‍ വിമാന മാര്‍ഗവും രണ്ട് സംഘങ്ങളായാണ് കൊച്ചിയിലെത്തിയത്.

ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം മാല്യങ്കരയിലെ ബോട്ട് കടവില്‍ എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തി.

പിന്നീട് ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഓസ്ട്രലിയ ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us