ബെംഗളൂരു: വർഷങ്ങൾക്കുശേഷം ജനതാദൾ -എസ് ദേശീയനേതാവ് എച്ച്.ഡി. ദേവഗൗഡയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും വേദിപങ്കിട്ടു. സഖ്യസർക്കാർ രൂപവത്കരിച്ചതിനുശേഷം അണികൾക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ദൾ സഖ്യം മത്സരിക്കുന്നതിൽ അണികൾക്കിടയിൽ 12അമർഷം പുകയുന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും ഒന്നിച്ച് മധ്യമങ്ങൾക്കുമുന്നിൽ എത്തിയത്. ദേവഗൗഡയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2005-ലാണ് സിദ്ധരാമയ്യ ദൾ വിട്ട് കോൺഗ്രസിലെത്തുന്നത്. സഖ്യസർക്കാർ രൂപവത്കരിച്ചതിൽ സിദ്ധരാമയ്യയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്തയും വന്നിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഇത് ബാധിക്കാതിരിക്കുന്നതിനുവേണ്ടിയാണ് രണ്ടു നേതാക്കളും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടത്.
‘‘12 വർഷത്തിനുശേഷം ആദ്യമായി ഞാനും സിദ്ധരാമയ്യയും ഒരേ വേദിയിലെത്തിയിരിക്കുകയാണ്. സഖ്യസർക്കാരിനെ നിലനിർത്താനും ഉപതിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ വിജയത്തിനുമായാണ് ഈ ഒത്തുചേരൽ’’ -ജനതാദൾ നേതാവ് എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. പഴയകാല അഭിപ്രായവ്യത്യാസങ്ങളെല്ലാം ഞങ്ങൾ മറന്നിരിക്കുന്നു. സഖ്യത്തിന്റെ വിജയത്തിനായി ഒന്നിച്ച് പ്രവർത്തിക്കും. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിൽ ജനങ്ങൾ മാപ്പുനൽകണം. കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി അണികൾ മറക്കണം. ദേശീയ താത്പര്യം മുന്നിൽക്കണ്ട് ഒന്നിച്ചു പ്രവർത്തിക്കണം. കോൺഗ്രസിന്റെയും ജനതാദളിന്റെയും രാഷ്ട്രീയ എതിരാളി ബി.ജെ.പി.യാണ്. യെദ്യൂരപ്പ അടക്കമുള്ള ബി.ജെ.പി. നേതാക്കളുമായി നമ്മുക്ക് വ്യക്തിപരമായ എതിർപ്പുകളില്ല. രാഷ്ട്രീയപരമായും ആശയപരമായും ബി.ജെ.പി. ശത്രുവാണ് -ദേവഗൗഡ പറഞ്ഞു. ദേവഗൗഡയെ അഭിനന്ദിക്കാൻ സിദ്ധരാമയ്യയും മറന്നില്ല. മുൻ പ്രധാനമന്ത്രിയായ ദേവഗൗഡയ്ക്ക് രാജ്യത്തെ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ചറിയാം. വർഗീയശക്തികൾ അധികാരത്തിൽവരുന്നത് തടയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ദൾ-കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് പ്രവർത്തിക്കും. ആവശ്യമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ഇരുപാർട്ടി നേതാക്കൾ ഒന്നിച്ച് പ്രചാരണത്തിനിറങ്ങും -സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസും ജനതാദൾ -എസും രണ്ടു പാർട്ടികളാണെങ്കിലും മനസ്സ് ഒന്നാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ദേവഗൗഡയും സിദ്ധരാമയ്യയും തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതാണ് മാധ്യമസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
സഖ്യസർക്കാരിൽ ഭിന്നതയില്ലെന്ന സന്ദേശമാണ് കോൺഗ്രസ്-ജനതാദൾ -എസ് നേതാക്കൾ നൽകിയത്. ദേവഗൗഡ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരോടൊപ്പം മുുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമുണ്ടായിരുന്നു. ദേവഗൗഡയും സിദ്ധരാമയ്യയും തമ്മിലുള്ള സൗഹൃദമാണ് കൂട്ടായ്മയിലൂടെ വ്യക്തമായതെന്ന് നേതാക്കൾ അവകാശപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.