തിരുവനന്തപുരം: പ്രളയക്കെടുതിയില് കേടുപാടുകള് സംഭവിച്ച വീടുകള് നന്നാക്കുന്നതിന് പലിശ രഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേടുവന്ന വീട്ടുപകരണങ്ങള് നന്നാക്കുന്നതിന് കര്മപദ്ധതി രൂപീകരിക്കുമെന്നും ദുരിതബാധിത മേഖലയില് കഴിയുന്നവരെ മാറ്റിപ്പാര്പ്പിക്കാനുള്ള നടപടികള് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
വിവിധ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര് തിരികെ വീടുകളിലേക്ക് എത്തുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് പലര്ക്കും ആശങ്കയുണ്ട്. ഇതിനെ ഗൗരവമായി സര്ക്കാര് കാണുന്നുണ്ട്. സമയ ബന്ധിതമായി ഇതിന് പരിഹാരം കാണും. പ്രളയത്തില് കേടുപാടുകള് സംഭവിച്ച വീടുകള് വാസയോഗ്യമാക്കുന്നതിന് ബാങ്കുകളുമായി സഹകരിച്ച് ആവശ്യമായ തുക ലഭ്യമാക്കാന് സര്ക്കാര് ശ്രമിക്കും. ഒരു ലക്ഷം രൂപ വരെ കുടുംബനാഥയ്ക്ക് പലിശ രഹിത വായ്പ ലഭ്യക്കും- മുഖ്യമന്ത്രി പറഞ്ഞു.
നിലവില് സ്കൂള്, കോളേജ് കെട്ടിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിക്കുന്നത്. ഓണാവധി കഴിയുന്നതോടെ ഈ കെട്ടിടങ്ങള് ഒഴിഞ്ഞു നല്കേണ്ടിവരും. ഈ അവസ്ഥയില് ക്യാമ്പുകളില് കഴിയുന്നവര്ക്ക് അവരവരുടെ വീട് സജ്ജമാകുന്നതുവരെ താമസത്തിനായി ഹാളുകള്, കല്യാണമണ്ഡപങ്ങള് എന്നിവ ഉപയോഗപ്പെടുത്താനാണ് സര്ക്കാര് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥിരമായി പ്രകൃതി ദുരിതങ്ങള് നേരിടുന്ന മേഖലകളില് വസിക്കുന്നവരെ മാറ്റിപ്പാര്പ്പിക്കാന് നടപടി സ്വീകരിക്കുമെന്നും ഇതിന് പൊതുവായ അഭിപ്രായം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരണപ്പെട്ട കന്നുകാലികളുടെ ശവശരീരം മറവു ചെയ്യുന്നതിന് സേനാവിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പ്രളയമേഖലകളിലെ വീടുകളുടെ സുരക്ഷാ പരിശോധന തദ്ദേശ സ്ഥാപനങ്ങളിലെ എന്ജിനീയറിംഗ് വിഭാഗം ആരംഭിച്ചു കഴിഞ്ഞതായും സൂചിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.