കോയമ്പത്തൂരിനു സമീപം നാമക്കല്ലില് ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പ്രമുഖ സുവിശേഷക പ്രസംഗക അഞ്ജലി പോളും മകനും. ഇവരടക്കം നാലുമലയാളികൾ അപകടത്തിൽ മരിച്ചു. എട്ടുപേർക്കുപരിക്കേറ്റു. ബെംഗളൂരുവിൽ നിന്ന് അടൂരിലേക്കു വരികയായിരുന്ന സ്വകാര്യ വോൾവോ ബസാണ് ഈറോഡിൽ ലോറിയുടെ
പിന്നിലിടിച്ചത്.സംസ്കാരം ചൊവാഴ്ച ഓഗ. 14 ന് നടക്കും.
അപ്പോസ്തോലിക് അസംബ്ലി സഭയിലെ സുവിശേഷ പ്രസംഗകയും സഭാ സീനിയർ പാസ്റ്റർ പന്തളം പകലോമറ്റം ഇടത്തറ മാവേലിത്തുണ്ടിൽ ജിജോ ഏബ്രഹാമിന്റെ ഭാര്യയുമായ അഞ്ജലി പോൾ(37), ഏക മകൻ ആഷേർ(10), അരുവിത്തുറ െസന്റ് ജോർജ് കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഭരണങ്ങാനം വലിയപറമ്പിൽ വി.ജെ. ജോർജ് (61), ബസ് ക്ലീനർ പത്തനംതിട്ട തേക്കുതോട് പൂച്ചക്കുളം പാലനിൽക്കുന്നതിൽ പരേതനായ ശശിയുടെ മകൻ സിദ്ധാർഥ് (28) എന്നിവരാണ് മരിച്ചത്. പാസ്റ്റർ ജിജോ അടക്കം പരുക്കേറ്റവരെ ഈറോഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു മഡിവാളയിൽ നിന്ന് ബുധനാഴ്ച രാത്രി ഒൻപതിന് പുറപ്പെട്ട ‘കേരളാ ലൈൻസ്’ ബസാണ് അപകടത്തിൽ പെട്ടത്. ഈറോഡ് ശങ്കഗിരി ഗേറ്റിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കാറ്റാടിക്കഴ കയറ്റിയ ലോറിയുടെ പിന്നിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. കാറ്റാടി കമ്പുകൾ ഉള്ളിലേക്ക് ഇടിച്ചു കയറി ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു.ബെംഗളൂരു ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയിൽ സുവിശേഷ യോഗത്തിനുശേഷം മടങ്ങുകയായിരുന്നു പാസ്റ്റർ ജിജോയും കുടുംബവും.
അഞ്ജലിയും ആഷേറും മുൻ സീറ്റിലായിരുന്നു. പാസ്റ്റർ ജിജോ രണ്ടു നിര സീറ്റ് പിന്നിലായിരുന്നതിനാലാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. അഞ്ജലി പോളിന്റെയും ആഷേറിന്റെയും മൃതദേഹങ്ങൾ പന്തളം ഇടപ്പോൺ ജോസ്കോ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.തണ്ണിത്തോട് ഏഴിയത്ത് ചാരുംമൂട്ടിൽ വർഗീസിന്റെയും പരേതയായ ലീലാമ്മയുടെയും ഇളയമകളാണ് അഞ്ജലി. മലങ്കര കത്തോലിക്ക സഭയിൽ ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനീസഭയിൽ സിസ്റ്ററായി സേവനം അനുഷ്ഠിച്ചതിനു ശേഷം 2001ൽ ആണ് അപ്പോസ്തോലിക് അസംബ്ലി സഭയിൽ ചേർന്നത്. തുമ്പമൺ സെന്റ് ജോൺസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആഷേർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.