കനത്ത മഴ: പ്രളയബാധിത ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് പ്രളയബാധിത ജില്ലകളിലും താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും എംആര്‍എസുകളും ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

മറ്റു ജില്ലകളില്‍ ചില താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ട്. കണ്ണൂര്‍, എംജി, ആരോഗ്യ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റി. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചത്തേക്കു പ്രഖ്യാപിച്ച അവധി പ്രൊഫഷണല്‍ കോളെജ്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍(എംആര്‍എസ്) എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കായി കളക്ടര്‍ പരിമിതപ്പെടുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയുണ്ട്. ഐടിഐകളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റും മാറ്റിവച്ചു.

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകള് ‍(എടവണ്ണ, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ്, പാണ്ടിക്കാട്) കൊണ്ടോട്ടി താലൂക്കിലെ നാലു പഞ്ചായത്തുകള്‍ (വാഴക്കാട്, വാഴയൂര്‍, മുതുവല്ലൂര്‍, ചീക്കോട്) എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

എറണാകുളത്ത് കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗനവാടികള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. കളമശ്ശേരി നഗരസഭ, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ആരോഗ്യ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന അവസാന വര്‍ഷ ബിഎസ്എംഎസ് ബിരുദ സപ്ലിമെന്ററി പരീക്ഷ ഒഴികെയുള്ള എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us