സില്‍ക്ക് ബോര്‍ഡ് ട്രാഫിക്കിനെ ഇനി ഭയപ്പെടേണ്ട;നമ്മ മെട്രോ കെആർ പുരം–സിൽക്ബോർഡ് പാത പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ അവസാനഘട്ടത്തിലേക്ക്.

ബെംഗളൂരു : നമ്മ മെട്രോ കെആർ പുരം–സിൽക്ബോർഡ് പാത പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ അവസാനഘട്ടത്തിലേക്ക്. 17 കിലോമീറ്റർ പാതയുടെ നിർമാണത്തിനായി ഇതിനകം കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) പ്രാഥമിക വിജ്ഞാപനമിറക്കി. നമ്മ മെട്രോ നിർമാണത്തിന് ഏറ്റവും കുറച്ചു സ്ഥലം വേണ്ടിവരുന്ന പാതയാണിത്.

ആകെ 36782 ചതുരശ്ര മീറ്റർ സ്ഥലമാണ് ഇതുവരെ കണ്ടെത്തിയത്. 17 കിലോമീറ്റർ മേൽപ്പാത ആയതിനാൽ തൂണുകൾ സ്ഥാപിക്കാനും ചിലയിടത്തു സ്റ്റേഷൻ നിർമാണത്തിനുമേ സ്വകാര്യ ഭൂമി ആവശ്യമുള്ളൂ. ആകെ 400 കോടി രൂപ സ്ഥലം ഏറ്റെടുക്കാൻ വേണ്ടിവരും. സ്വകാര്യ കമ്പനികളിൽനിന്നു സാമ്പത്തിക സഹായം വാങ്ങി നടപ്പാക്കുന്ന ആദ്യ മെട്രോപാത കൂടിയാണിത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് പാതയ്ക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയത്.

ഒട്ടേറെ ഐടി കമ്പനികളുള്ള ഔട്ടർറിങ് റോഡിലൂടെ കടന്നുപോകുന്ന പാതയിൽ കാഡുബീസന ഹള്ളി സ്റ്റേഷന്റെ നിർമാണത്തിനു 200 കോടി രൂപ എംബസി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബെലന്തൂർ മെട്രോ സ്റ്റേഷൻ നിർമാണത്തിനു താൽപര്യം പ്രകടിപ്പിച്ച് ഇന്റൽ കോർപറേഷനും രംഗത്തുണ്ട്. 72 കിലോമീറ്റർ നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ മറ്റു പാതകൾക്കൊപ്പം 2021ൽ ഈ പാതയിലും മെട്രോ സർവീസുകൾ തുടങ്ങാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിഎംആർസിഎൽ. കെആർ പുരം ഇന്റർചേഞ്ച്, മഹാദേവപുര, ഡിആർഡിഒ സ്പോർട്സ് കോംപ്ലക്സ്, ദൊഡ്ഡേനഗുണ്ടി, ഐഎസ്ആർഒ, മാറത്തഹള്ളി, കാ‍ഡുബീസനഹള്ളി, ബെലന്തൂർ, ഇബളൂർ, അഗര തടാകം, എച്ച്എസ്ആർ ലേഔട്ട്, സിൽക് ബോർഡ് ഇന്റർചേഞ്ച് എന്നിവയാണു പാതയിലെ മൂന്ന് സ്റ്റേഷനുകൾ. 2020ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പാത, ഔട്ടർറിങ് റോഡിലെ വൻഗതാഗതക്കുരുക്കിനു പരിഹാരമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us