ബുള്ളറ്റ് ട്രെയിനിന്‍റെ വഴി മുടക്കി സപ്പോട്ടയും മാമ്പഴവും

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയ്ക്ക് സപ്പോട്ടയും മാമ്പഴവും വഴി മുടക്കുന്നതായി റിപ്പോര്‍ട്ട്.

17 ബില്യൺ ഡോളർ ചെലവിട്ട് ഇന്ത്യയിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത സ്വപ്ന പദ്ധതി ‘ബുള്ളറ്റ് ട്രെയിൻ’ ഇനി എത്താനിടയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പദ്ധതിയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ജപ്പാൻ വെച്ച ഉപാധികൾ പാലിക്കാൻ മോദി സര്‍ക്കാരിന് കഴിയാനിടയില്ലെന്നതാണ് വാസ്തവം.

പദ്ധതിയുടെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്ന് മാത്രമല്ല
ഇതിനായി ജപ്പാൻ വെച്ചിട്ടുള്ള സമയപരിധിയായ ഡിസംബർ മാസത്തിന് മുന്‍പ് ഭൂമി ഏറ്റെടുക്കൽ നടപ്പാക്കാൻ സാധിക്കുകയുമില്ല എന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ സപ്പോട്ട കൃഷിക്കാരുടെയും മാമ്പഴക്കൃഷിക്കാരുടെയും ഭൂമിയിലൂടെയാണ് മോദിയുടെ സ്വപ്നവാഹനം പായേണ്ടത്. എന്നാൽ കർഷകർ തങ്ങളുടെ നിലം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചതാണ് ഭൂമി ഏറ്റെടുക്കലിന് പിന്നിലെ തടസ്സം.

കഠിനാധ്വാനം ചെയ്താണ് ഈ തോട്ടങ്ങൾ തങ്ങളുടെ കുട്ടികൾക്കു വേണ്ടി വളർത്തിയതെന്നും ബുള്ളറ്റ് ട്രെയിനിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും കർഷകർ പറയുന്നു.

അതേസമയം, ജപ്പാനുമായി പ്രശ്നം ചര്‍ച്ച ചെയ്ത് സമയം നീട്ടിക്കിട്ടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ്  ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടത്. കരാറനുസരിച്ച് 2022 ഓഗസ്റ്റ് 15നകം പദ്ധതി പൂര്‍ത്തിയാകണം.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രഖ്യാപിച്ചിരുന്ന സ്വപ്നപദ്ധതിയായിരുന്നു ബുള്ളറ്റ് ട്രെയിന്‍ പദ്ധതി‍. 110 ലക്ഷം കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. ചെലവിന്‍റെ 81 ശതമാനവും ജപ്പാന്‍ വായ്പയോടെയാണ് നടക്കുന്നത്. 50 വര്‍ഷം കൊണ്ട് ഇന്ത്യ തുക തിരിച്ചടയ്ക്കണം.

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗതയുള്ള ഈ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമായാല്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദിലേയ്ക്ക് ഉള്ള 508 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍കൊണ്ട്‌ പിന്നിടാനാകും. ആകെ 12 സ്റ്റേഷനുകള്‍ ആണ് ഉണ്ടാകുക. 21 കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണ് യാത്ര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us