ബെംഗലൂരു : അടുത്തിടെ ഏറെ രാഷ്ട്രീയ നാടകങ്ങൾക്കു സാക്ഷ്യം വഹിച്ച കർണാടകയിൽ, തുടർച്ചയായ രണ്ടാമത് ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സൗമ്യ റഡ്ഡിയിലൂടെ ബിജെപിയിൽ നിന്നു കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റഡ്ഡിക്ക് 54,045 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദിന് 50,270 വോട്ടുകളെ നേടാനായുള്ളു. സൗമ്യ റഡ്ഡിയും ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദും തമ്മിലായിരുന്നു നേർക്കുനേർ പോരാട്ടം.
മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ കൂടിയായ ബിജെപി സ്ഥാനാർഥി ബി.എൻ. വിജയകുമാർ, തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ മരിച്ചതിനെ തുടർന്നു മെയ് 12നു നടക്കേണ്ടിയിരുന്ന വോട്ടെടുപ്പു മാറ്റിവയ്ക്കുകയായിരുന്നു. വിജയകുമാറിന്റെ സഹോദരനാണ് ബി.എൻ. പ്രഹ്ലാദ്. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമലിംഗ റഡ്ഡിയുടെ മകളാണ് സൗമ്യ റഡ്ഡി. കോൺഗ്രസുമായി സഖ്യത്തിലായതോടെ ജനതാദൾ അവരുടെ സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.