ബിജു മജീദ് സംവിധാനം ചെയ്യുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു. സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ചിത്രമാണിത്.
രാജ്യത്ത് ആദ്യമായാണ് ഒരു കോർപ്പറേറ്റ് കമ്പനി സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ മെയ് 19ന് പുനലൂർ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ വച്ച് നടന്നു. നടി പ്രിയങ്ക നായർ, സംവിധായകൻ ബോബൻ സാമുവല്‍ എന്നിവര്‍ക്കൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
അഞ്ചു വർഷം കൊണ്ട് ഇൻഡിവുഡിന്റെ നേതൃത്വത്തിൽ നിർമ്മിക്കാൻ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാവുകയാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’. ഇൻഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത 20 പ്രതിഭകള്‍ക്കൊപ്പം സിനിമ രംഗത്തെ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ ഷിബു രാജിന്റെതാണ്. ചിത്രത്തിന്റെ ക്യാമറ പി സി ലാലും സംഗീത സംവിധാനം ബിജു റാമുമാണ് നിര്‍വഹിക്കുക.
എം. പദ്മകുമാര്‍ സംവിധാനം ചെയ്ത പ്രിയങ്ക നായർ പ്രധാന വേഷത്തിൽ അഭിനയിച്ച ‘ജലമാണ്’ ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ആദ്യ ചിത്രം. അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങൾ ഓസ്കറിലെ ‘ബെസ്റ്റ് ഒറിജിനൽ സോംഗ്’ വിഭാഗത്തിലെ പ്രാഥമിക ചുരുക്കപട്ടികയിൽ ഇടം നേടിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.