മജെസ്റ്റിക്കിനെ പിന്‍തള്ളി ബയപ്പനഹള്ളി ഏറ്റവും അധികം തിരക്കുള്ള മെട്രോ സ്റ്റേഷനായി.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി, വൈറ്റ്‌ഫീൽഡ്, ഐടിപിഎൽ തുടങ്ങിയ ഐടി ഹബ്ബുകളെ ബന്ധിപ്പിച്ചു സബേർബൻ ട്രെയിൻ സർവീസുകൾ ഹിറ്റായതോടെ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ വൻതിരക്ക്. നമ്മ മെട്രോ തെക്ക്–വടക്ക് (ഗ്രീൻ), കിഴക്ക്–പടിഞ്ഞാറ് (പർപ്പിൾ) പാതകൾ സന്ധിക്കുന്ന മജസ്റ്റിക് കെംപെഗൗഡ സ്റ്റേഷനിലാണ് ഇതുവരെ ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ പുതിയ കണക്കനുസരിച്ച് മജസ്റ്റിക്കിനെ പിന്തള്ളി ബയ്യപ്പനഹള്ളി മുന്നിലെത്തി. ഇവിടെ ശരാശരി 28,030 പേരാണ് ദിവസേന എത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള മജസ്റ്റിക്കിൽ 27500 പേരും. ഇന്ദിരാനഗർ (17,700), യെലച്ചനഹള്ളി (16,000), എംജി റോഡ് (14,900) സ്റ്റേഷനുകളാണ് യാത്രക്കാരുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ.

വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി (ഹീലലിഗെ) എന്നിവിടങ്ങളിലേക്കു മാർച്ചിൽ പുതിയ ഡെമു, മെമു ട്രെയിൻ സർവീസുകൾ തുടങ്ങിയതാണു റെയിൽവേ–നമ്മ മെട്രോ സ്റ്റേഷനുകൾ സന്ധിക്കുന്ന ബയ്യപ്പനഹള്ളിയിൽ തിരക്കുകൂടാൻ കാരണം. ബാനസവാടി– ബയ്യപ്പനഹള്ളി–ഹൊസൂർ (06571–72–73–74), മജസ്റ്റിക്–ബയ്യപ്പനഹള്ളി (06567–68–69–70) എന്നിങ്ങനെ എട്ട് സർവീസുകളാണു മാർച്ചിൽ തുടങ്ങിയത്.ഓഫിസ് സമയത്ത് മജസ്റ്റിക്കിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കു റോഡ് മാർഗം രണ്ടുമണിക്കൂറിലേറെ സമയമെടുക്കും. എന്നാൽ ബയ്യപ്പനഹള്ളിയിൽനിന്നു സബേർബൻ ട്രെയിനിൽ ഈ യാത്രയ്ക്കു 40 മിനിറ്റിൽ താഴെയേ വേണ്ടിവരൂ.

നഗരത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർക്കു ഗതാഗതക്കുരുക്കിൽപെടാതെ മെട്രോയിൽ ബയ്യപ്പനഹള്ളി സ്റ്റേഷനിലെത്താം. ഇവിടെനിന്നു സബേർബൻ ട്രെയിനിൽ ഓഫിസിലേക്കും തിരിച്ചും യാത്ര ചെയ്യാനുമാകും.ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള സബേർബൻ ട്രെയിനുകളുടെ തൽസമയ വിവരം അറിയാൻ സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം റെയിൽജിനി എന്ന മൊബൈൽ ആപ് ഇറക്കിയിരുന്നു. ഇതുപയോഗിച്ചു നഗരവാസികൾക്കു യാത്ര ക്രമീകരിക്കുകയും ചെയ്യാം.

പീനിയ ഇൻഡസ്ട്രി (1500), പീനിയ (2800), ദീപാഞ്ജലി നഗർ (4000), കുവേംപു റോഡ് (4300), ലാൽബാഗ് (4300), യശ്വന്ത്പുര ഇൻഡസ്ട്രി (4400) എന്നിവിടങ്ങളിലാണു യാത്രക്കാർ കുറവ്.മൈസൂരു റോ‍ഡ് (14200), സംപിഗെ റോഡ‍് (13800), വിജയനഗർ (11500), ട്രിനിറ്റി (10300), രാജാജിനഗർ (9600),  ശ്രീരാമപുര (4700), അൾസൂർ (5000), സൗത്ത് എൻഡ് സർക്കിൾ (5400), ആർവി റോഡ് (5450) എന്നിങ്ങനെയാണു മറ്റു പ്രധാന സ്റ്റേഷനുകളിലെത്തുന്ന ശരാശരി യാത്രക്കാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us