ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി മേൽപാലത്തിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് ഐടി ജീവനക്കാർ മരിച്ചു. മേൽപാലത്തിന്റെ ഭിത്തിയിൽ ബൈക്ക് ഇടിച്ചു താഴേക്ക് മറിഞ്ഞ് ഇൻഫോസിസ് ജീവനക്കാരൻ ശരത്കുമാർ റെഡ്ഡി(29)യും കാർ മീഡിയനിലിടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഐടി കമ്പനി ജീവനക്കാരൻ രാജേഷ് ജേക്കബും (38) ആണ് മരിച്ചത്. വലിയ വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുന്ന മേൽപാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണമെന്ന് ട്രാഫിക് പൊലീസ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിൽ മേൽപാലത്തിലൂടെ പോയ ബൈക്കിനു പിന്നിൽ കാറിടിച്ച് രണ്ടുപേർ മേൽപാലത്തിൽ നിന്നു താഴെ വീണു മരിച്ചിരുന്നു. 2016ലും സമാനമായ അപകടത്തിൽ ഒരു ബൈക്ക് യാത്രികൻ മരിച്ചു. ഡിസംബർ 29നും ജനുവരി മൂന്നിനും 26നുമായി പാലത്തിലുണ്ടായ ബൈക്കപകടങ്ങളിൽ മൂന്നുപേർ മരിച്ചിരുന്നു. ഒക്ടോബറിലെ അപകടത്തെ തുടർന്നാണ് പാലത്തിൽ ബൈക്ക് യാത്ര നിരോധിക്കണം എന്ന നിർദേശം പൊലീസ് മുന്നോട്ടു വച്ചത്. ഈ നിർദേശം നടപ്പാക്കിയിരുന്നുവെങ്കിൽ അതിനു ശേഷമുണ്ടായ നാലു മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നു നിരോധനത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.