ബെംഗളൂരു: ആക്ടിവിസ്റ്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹിന്ദു യുവ സേന സ്ഥാപകാംഗമായ നവീന്‍ കുമാറിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
കൊലപാതകം നടന്ന് ആറുമാസത്തിന് ശേഷമാണ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 15 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ ഹര്‍ജി മാര്‍ച്ച് 12ന് പരിഗണിക്കും.
നാടൻ കൈത്തോക്കും വെടിയുണ്ടകളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നവീൻകുമാറിനെ ഫെബ്രുവരി 19നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി സംശയം തോന്നിയത്. പിന്നീട് പൊലീസ് ഈ വിവരങ്ങള്‍ ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
രഹസ്യകേന്ദ്രത്തിൽ നാലുപേരോടൊപ്പം വെടിവയ്പ് പരിശീലനം ലഭിച്ചിരുന്നതായി ഇയാൾ പോലീസിനു മൊഴി നല്‍കിയിരുന്നു. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഒരാളുമായി നവീന്‍ സാമ്യമുണ്ടെന്ന സംശയത്തെ തുടർന്ന് മാർച്ച് ആദ്യവാരം പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീടാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ബെംഗളൂരുവിലെ വീടിന് മുന്നിൽ ഗൗരിയെ ഒരു സംഘം വെടി വച്ച് കൊന്നത്. ബൈക്കിലെത്തിയ രണ്ടു പേർ ഗൗരിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗൗരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.