മെട്രോ ട്രെയിനിന്റെയും പാതയുടെയും അറ്റകുറ്റപ്പണികൾക്കു വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യത്തിലാണു ഞായറാഴ്ച എട്ടിനു സർവീസ് ആരംഭിക്കുന്നതെന്നാണു ബിഎംആർസിഎൽ നൽകുന്ന വിശദീകരണം. മൽസരപ്പരീക്ഷകളടക്കമുള്ളവ ഞായറാഴ്ചകളിൽ നഗരത്തിലെ സ്കൂളുകളിലും കോളജുകളിലുമായി നടക്കുമ്പോൾ മെട്രോ സർവീസ് ഇല്ലാത്തത് ദൂരെദിക്കുകളിൽനിന്നെത്തുന്നവർക്കും ദുരിതമാകുന്നുണ്ട്. ബസിലും ട്രെയിനിലും നേരം പുലരുമ്പോൾ എത്തുന്നവർ മെട്രോ സ്റ്റേഷനിലെത്തിയ ശേഷമാണ് എട്ടുമണിക്കുശേഷമേ സർവീസ് ഉള്ളൂ എന്ന കാര്യം അറിയുന്നത്.
പ്രവൃത്തിദിവസങ്ങളിൽ തിരക്കുള്ള സമയങ്ങളിൽ നാലു മിനിറ്റ് ഇടവേളയിലും തിരക്കു കുറഞ്ഞ സമയത്തു 10 മുതൽ 15 മിനിറ്റ് ഇടവേളയിലുമാണു മെട്രോ സർവീസ് നടത്തുന്നത്. ഇപ്പോഴുള്ളത്ര കോച്ചുകൾ ഉപയോഗിച്ചു മൂന്നു മിനിറ്റ് ഇടവേളയിൽവരെ സർവീസ് നടത്താൻ സാധിക്കും. കോച്ചുകളുടെ എണ്ണം ആറാക്കുന്നതോടെ നിലവിലെ തിരക്ക് ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നാണു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രതീക്ഷിക്കുന്നത്.