ബെംഗളൂരു∙ നഗര ഗതാഗതത്തിന് പോഡ് ടാക്സികൾ എത്തുന്ന കാലം വിദൂരമാകില്ല. പേഴ്സനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം എന്ന പേരിലുള്ള പോഡ് ടാക്സികൾ മെട്രോ സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഇതിന്റെ റൂട്ട് മാപ്പിനും ബിബിഎംപി രൂപം നൽകിയതോടെ ടെൻഡർ നടപടികൾ അടുത്തവർഷം ആരംഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിൽ ബെംഗളൂരുവിൽ പോഡ് ടാക്സി സംവിധാനം ഫലപ്രദമാകുമെന്ന് കണ്ടെത്തിയിരുന്നു.
ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ നിന്നാരംഭിച്ച് വൈറ്റ്ഫീൽഡിൽ എത്തുന്ന തരത്തിലാണ് റൂട്ട് മാപ്പ് തയാറാക്കിയിരിക്കുന്നത്. ഇതിനിടയിൽ 12 പിആർടി സ്റ്റേഷനുകളുണ്ടായിരിക്കും. അഗരം, ഡൊംളൂർ, ഹോട്ടൽ ലീല പാലസ്, ബിഇഎംഎൽ, എച്ച്എഎൽ എയർപോർട്ട്, മാറത്തഹള്ളി ഫേൺസ് സിറ്റി, ഗാന്ധിനഗർ, ബ്രൂക്ക് ഫീൽഡ്, പരിമള സൺറിഡ്ജ്, നല്ലൂരഹള്ളി, വിർജിന മാൾ എന്നിവിടങ്ങളിലൂടെ വൈറ്റ്ഫീൽഡിൽ എത്തുന്ന തരത്തിലാണ് റൂട്ട് മാപ്പ് തയാറാക്കിയിരിക്കുന്നത്. 70 കിലോമീറ്റർ ദൂരം പ്രതീക്ഷിക്കുന്ന പാതയിൽ 2100 പോഡുകൾ വേണ്ടിവരും.
പൂർണമായും സ്വകാര്യ മേഖലയിലായിരിക്കും പോഡ് ടാക്സി ലൈൻ നിർമിക്കുകയെന്ന് ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഒരു കിലോമീറ്റർ ദൂരത്തിന് 50 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
നഗരം നേരിടുന്ന ഗതാഗത കുരുക്കിനും വായുമലിനീകരണത്തിനും പരിഹാരം കാണാൻ പോഡ് ടാക്സികൾക്കു കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
റോഡിൽനിന്ന് 10 മീറ്റർ ഉയരത്തിൽ പ്രത്യേക റോപ് വേയിലൂടെയാണ് പോഡ് ടാക്സികൾ സർവീസ് നടത്തുന്നത്. ഡ്രൈവറില്ലാതെ വൈദ്യുതി ഉപയോഗിച്ച് സർവീസ് നടത്തുന്ന പോഡ് ടാക്സി നിശ്ചയിച്ചിരിക്കുന്ന സ്റ്റേഷനുകളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. 60 കിലോമീറ്ററാണ് വേഗപരിധി. മെട്രോ റെയിൽ സർവീസിന് കിലോമീറ്ററിന് 250 കോടിരൂപ കുറഞ്ഞ ചെലവ് വരുമ്പോൾ പോഡിന് ഇത് 50 കോടി രൂപയിൽ ഒതുങ്ങുമെന്നതാണ് മേന്മ.
എന്നാൽ ജനസംഖ്യയേറിയ ഇന്ത്യയിൽ പോഡ് ടാക്സി ഫലപ്രദമല്ലെന്നാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. ഒരേസമയം ആയിരത്തിലധികം യാത്രക്കാരെ കൊള്ളുന്ന ട്രെയിൻ, മെട്രോ ട്രെയിൻ സർവീസുകൾക്ക് പകരം ഒരു പോഡിൽ പത്തിൽ താഴെ പേരെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂവെന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്.