ദീപിക പദുക്കോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മാവതി സംവിധാനം ചെയ്തതു സഞ്ജയ് ലീലാ ബൻസാലിയാണ്. തങ്ങൾ ദൈവമായി ആരാധിക്കുന്ന, 13ാം നൂറ്റാണ്ടിലെ ചിത്തോർ രാജ്ഞി റാണി പത്മാവതിയെക്കുറിച്ചു തെറ്റായ വിവരങ്ങളാണു സിനിമയിലുള്ളതെന്നു പ്രതിഷേധത്തിൽ പങ്കെടുത്തവർ ആരോപിച്ചു. സിനിമ നിരോധിക്കുകയോ വിവാദഭാഗങ്ങൾ നീക്കിയശേഷം പ്രദർശിപ്പിക്കുകയോ ചെയ്യണമെന്നു രജ്പുത് കർണി സേനാ പ്രസിഡന്റ് സുഖ്ദേവ് സിങ് ആവശ്യപ്പെട്ടു.
സിനിമയിൽ ചരിത്രം വളച്ചൊടിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കാൻ സാധിച്ചത്. അതിനാൽ സിനിമ ആദ്യം തങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കണം. അംഗീകാരം നൽകിയാൽ മാത്രമേ റിലീസ് ചെയ്യാൻ പാടുള്ളൂ. ഈ ആവശ്യങ്ങൾ അംഗീകരിക്കുംവരെ സിനിമ എവിടെയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും സുഖ്ദേവ് സിങ് പറഞ്ഞു.
അഖില ഭാരതീയ ഏകതാ മഞ്ജ്, രജ്പുത് സമാജ് കർണാടക, മഹാറാണ പ്രതാപ് നവയുവക് മണ്ഡൽ, രജ്പുത് പരിഷത്, രജ്പുത് സഭ, ക്ഷത്രിയ മഹാസഭ, യുവ ഹിന്ദു വാഹിനി എന്നിവയ്ക്കു പുറമെ ചില കന്നഡ അനുകൂല സംഘടനകളും പ്രക്ഷോഭത്തിൽ പങ്കെടുത്തു. സിനിമയ്ക്കെതിരെ ഉത്തരേന്ത്യയിൽ ആഴ്ചകളായി പ്രക്ഷോഭം നടന്നുവരികയാണ്.