മന്ത്രി ദന്തഗോപുരത്തിൽനിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നു പറഞ്ഞു. രാവിലത്തെ രൂക്ഷവിമർശനങ്ങൾക്കു പിന്നാലെ ചാണ്ടിക്കു വേണമെങ്കിൽ ഹർജി പിൻവലിക്കാമെന്നു ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ ഹർജി പിൻവലിക്കാതിരുന്നപ്പോഴാണ് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്.
ഹർജി നിലനിൽക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. നിരവധി ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതിയുടെ കടുത്ത പരാമർശങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാണ്.
ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് ജഡ്ജിമാരാണ് വാദം കേട്ടത്. റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കാൻ കലക്ടറെ 15 ദിവസത്തിനകം സമീപിക്കണമെന്ന് ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ നിർദേശിച്ചു. എന്നാൽ കോടതിയെ സമീപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശമോ നടപടി നിർദേശമോ ഇല്ല. ഭാവിയിൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണു തോമസ് ചാണ്ടിയുടേതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ?’ തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
‘നിങ്ങൾ സർക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണ്. അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങളാണിത്. സർക്കാരിനെതിരെ കോടതിയെ സമീപിച്ചതു െതറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാകും ? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്’– ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
‘സർക്കാരിനെയും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിയെയും എതിർ കക്ഷിയാക്കി ഒരു മന്ത്രിക്ക് എങ്ങനെ ഹർജി നൽകാനാവും? ജില്ലാ കലക്ടറുടെ പരാമർശം നീക്കണമെന്നാണു മന്ത്രിയുടെ ആവശ്യം. പരാമർശങ്ങൾ നീക്കാനാണെങ്കിൽ മന്ത്രിക്കു ജില്ലാ കലക്ടറെ സമീപിക്കാമായിരുന്നുവല്ലോ. ഹർജി പിൻവലിക്കുന്നില്ലെങ്കിൽ ഉച്ചയ്ക്കു ശേഷം വിധി പറയാം.’– കോടതി വ്യക്തമാക്കി.
തോമസ് ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയ്ക്ക് എതിരല്ലെന്നു ആദ്യം നിലപാടെടുത്ത സർക്കാർ പിന്നീടു മലക്കം മറിഞ്ഞു. വ്യക്തി എന്ന നിലയിലാണു തോമസ് ചാണ്ടിയുടെ ഹര്‍ജി എന്നായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹൻ ആദ്യം വ്യക്തമാക്കിയത്. എന്നാൽ ഹൈക്കോടതിയുടെ വിമർശനങ്ങൾ കടുത്തപ്പോൾ, മന്ത്രിയുടെ രാജി അപക്വമെന്നു നിലപാടു മാറ്റി. ഫലത്തിൽ, മന്ത്രിയെ തള്ളുകയാണു സർക്കാർ ചെയ്തത്.
കലക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ഉത്തരവുണ്ടെങ്കിലേ ചോദ്യം ചെയ്യാനാകൂവെന്നു കോടതി പറഞ്ഞു. കലക്ടറുടേതു റിപ്പോര്‍ട്ടു മാത്രമാണ്. കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടിനുശേഷം കോടതിയെ സമീപിക്കാം. നികത്തിയ ഭൂമിയുടെ ഉടമയല്ലെങ്കില്‍ മന്ത്രിക്ക് അതു കലക്ടറെ അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തന്റെ പേരില്‍ നടപടിക്കു ശുപാര്‍ശയില്ലെന്നു മന്ത്രി തോമസ് ചാണ്ടി കോടതിയില്‍ ബോധിപ്പിച്ചു. ആലപ്പുഴ കലക്ടര്‍ നടപടിക്കു ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ല. കലക്ടര്‍ നോട്ടിസ് നല്കിയതു വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ എംഡിക്കാണ്. മന്ത്രിയായപ്പോള്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു. കമ്പനി തെറ്റു ചെയ്തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാം. തന്നെ ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു. നികത്തപ്പെട്ടതു ഭൈരവന്, ആശാലത എന്നിവരുടെ ഭൂമിയാണ്. ഈ ഭൂമി തനിക്കു കൈമാറിയെന്ന കലക്ടറുടെ കണ്ടെത്തല്‍ ശരിയല്ല. തന്റെ പേരു കലക്ടറുടെ റിപ്പോര്‍ട്ടിലേക്കു വലിച്ചിഴച്ചത് ആസൂത്രിതമാണെന്നും മന്ത്രി വാദിച്ചു.
ലേക്ക് പാലസ് റിസോർട്ട് നീർത്തട സംരക്ഷണ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു സിപിഐ അനുഭാവിയായ തൃശൂർ സ്വദേശി ടി.എൻ. മുകുന്ദന്റെ പൊതുതാൽപര്യ ഹർജി. മാർത്താണ്ഡം കായലിൽ മണ്ണിട്ടു നികത്തിയതിനെതിരെ കേസെടുക്കണമെന്നാണു കൈനകരി പഞ്ചായത്ത് അംഗം ബി.കെ.വിനോദിന്റെ ആവശ്യം. പാടം നികത്തി ലേക്ക് പാലസ് റിസോർട്ടിലേക്കു റോഡും പാർക്കിങ് ഏരിയയും നിർമിച്ചതിനെ ചോദ്യം ചെയ്താണു പാടശേഖര സമിതി അംഗമായ ജയപ്രസാദിന്റെ ഹർജി.
എൽഡിഎഫ് അന്ത്യശാസനം നൽകിയ മന്ത്രി തോമസ് ചാണ്ടിക്കും എൻസിപിക്കും ഇന്നു നിർണായകദിനമാണ്. മന്ത്രിയുമായി ബന്ധപ്പെട്ട നാലു കേസുകളാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കൊച്ചിയിൽ എൻസിപി നേതൃയോഗം തുടങ്ങി. മന്ത്രിയുടെ ഭാവി സംബന്ധിച്ച ചർച്ച കേന്ദ്രനേതാക്കൾ പങ്കെടുക്കുന്ന മറ്റൊരു യോഗത്തിലേക്കു നീട്ടിവയ്ക്കാനുള്ള തന്ത്രമാണ് എൻസിപി പയറ്റുന്നത്.
കേസിൽ അനുകൂലമായി എന്തെങ്കിലും വന്നാൽ പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷ ചാണ്ടിക്കും എൻസിപിക്കും ഉണ്ടായിരുന്നു. പ്രതികൂലമായി സംഭവിച്ചാലും തീരുമാനം നീട്ടാനാകും ശ്രമം. എന്നാൽ, കോടതി കടുപ്പിച്ച സ്ഥിതിക്കു പിടിച്ചുനിൽക്കൽ എളുപ്പമാകില്ല. കടിച്ചുതൂങ്ങാനാണു ഭാവമെങ്കിൽ പരസ്യമായി കാര്യങ്ങൾ പറയുമെന്ന മുന്നറിയിപ്പു സിപിഐ നൽകിക്കഴിഞ്ഞു. സിപിഎമ്മിനും കാര്യങ്ങൾ നിയന്ത്രിക്കാനായെന്നു വരില്ല.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ വിവേക് തൻഖയാണു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്. മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗമായ തൻഖയെ കളത്തിലിറക്കി, കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലമാക്കുകയെന്ന തന്ത്രമാണു ചാണ്ടി പയറ്റിയത്. മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരായുള്ള വ്യാപം അഴിമതിക്കേസിന്റെ മുൻനിര പോരാളിയാണു മുൻ അഡ്വക്കറ്റ് ജനറൽ കൂടിയായ തൻഖ. ഹൈക്കോടതിയിലേക്കു പുറപ്പെട്ട തൻഖയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതു സംഘർഷത്തിനിടയാക്കി. തൻഖ ഹാജരാകുന്നത് തടയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ എം.എം.ഹസനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.