ബാങ്കുകളില്‍ നാലു ലക്ഷം കോടിയുടെ കള്ളപ്പണം എത്തി;സഹകരണ ബാങ്കുകളില്‍ മാത്രം 16000 കോടി;

ന്യൂഡല്‍ഹി :  നോട്ട് അസാധുവാക്കലിന് ശേഷം വിവിധ ബാങ്കുകളില്‍ നാല് ലക്ഷം കോടി രൂപയുടെ കളളപ്പണം എത്തിയതായി ആദായ നികുതി വകുപ്പ്‌. സഹകരണ ബാങ്കുകളിൽ മാത്രം 16,000 കോടി രൂപയുടെ കള്ളപ്പണമെത്തി. നിക്ഷേപങ്ങളെകുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നോട്ട് അസാധുവാക്കാൻ തീരുമാനിച്ചതെന്ന് ആർബിഐ ഗവർണർ പാർലമെന്റ സമിതിയെ അറിയിച്ചു.

അസാധുവാക്കിയ 97 ശതമാനത്തോളം നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് സൂചന നൽകിയാണ് ആദായനികുതി വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. കണക്കില്‍പ്പെടാത്ത നാലു ലക്ഷം കോടിയിലധികം രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തി. നോട്ട്‌ അസാധുവാക്കലിനു ശേഷം രണ്ടു ലക്ഷത്തിലധികം രൂപ അറുപത്‌ ലക്ഷം അക്കൗണ്ടുകളിലെത്തി. ഇടപാടുകളില്ലാതിരുന്ന നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ നോട്ട് അസാധുവാക്കിയതിന് ശേഷം 25,000 കോടി രൂപയുടെ നിക്ഷേപമെത്തി. ആദായ നികുതി വകുപ്പിന്‍റെ ഇളവുകളുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം 10,700 കോടി രൂപയുടെ നിക്ഷേപമുണ്ടായി. കേരളത്തിൽ ഉള്‍പ്പടെയുളള സഹകരണ ബാങ്കുകളില്‍ 16,000 കോടിയുടെ കണക്കില്‍പ്പെടാത്ത പണമെത്തി. പല അക്കൗണ്ടുകളും വ്യാജമാണെന്നാണ്‌ ആദായ നികുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

വായ്‌പ തിരിച്ചടവ്‌ ഇനത്തില്‍ 80,000 കോടി രൂപ ബാങ്കുകളിലെത്തി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നോട്ട് അസാധുവാക്കിയതെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ വിശദീകരണത്തിന് ഘടകവിരുദ്ധവമായ വിശദീകരണമാണ് ആർബിഐ ഗവർണർ ഊർ‍ജ്ജിത് പട്ടേൽ പാർലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് നൽകിയത്. രാജ്യത്ത് വർദ്ധിച്ച് വരുന്ന കള്ളനോട്ടും കള്ളപ്പണവും തടയുന്നതിന് വലിയ നോട്ടുകൾ അസാധുവാക്കുന്ന കാര്യം പരിഗണിക്കണമെന്ന് നവംബർ ഏഴിന് കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടുവെന്നും ഊര്‍ജ് പട്ടേൽ കോൺഗ്രസ് നേതാവ് എം വീരപ്പമൊയ്‍ലി അധ്യക്ഷനായ സമിതിയെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us