ന്യൂഡൽഹി:ഗോ വധത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോ സംരക്ഷണത്തിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗോ സംരക്ഷകരെന്ന പേരില്‍ ക്രിമിനലുകളാണ്അക്രമമുണ്ടാക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ചിലര്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.മുഖംമൂടിയണിഞ്ഞ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സംസ്ഥാന സർക്കാറുകള്‍ക്ക് നിയമനടപടി സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
വിദേശത്ത് ആദരവും അംഗീകാരവും ലഭിച്ച ബി.ആർ അംബേദ്കര്‍ക്ക് ഇന്ത്യയില്‍ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു.. എന്നാല്‍, അദ്ദേഹം ഇന്ത്യയില്‍ തുടര്‍ന്ന്, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നത് പ്രചോദനം നല്‍കുന്നതാണെന്നും മോദി ചൂണ്ടിക്കാട്ടി.ഈ വിഷയത്തിൽ പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രതികരണമാണിത്. ഗോ സംരക്ഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് പശുക്കള്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കഴിക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്. ഇങ്ങനെ നിരവധി പശുക്കള്‍ ചാകുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാറിന്‍റെ വെബ് പോര്‍ട്ടലിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.