ബെംഗളൂരു:കർണാടകത്തിൽ നടക്കാനിരിക്കുന്ന മന്ത്രിസഭാ വികസനത്തിൽ ബി.ജെ.പി.യിൽ ചേർന്ന മുഴുവൻ കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. ഇത് പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാൻ ബി.ജെ.പി.നേതൃത്വം ശ്രദ്ധയോടെയാണ് നീങ്ങുന്നത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 11 പേരെയും ഉൾപ്പെടുത്താൻ തീരുമാനമുണ്ട്.
എന്നാൽ ഒരേ ജില്ലയിൽ നിന്നുള്ള ഒന്നിൽകൂടുതൽ പേർക്ക് മന്ത്രിസ്ഥാനം നൽകുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്. ബെലഗാവിയിൽനിന്നുള്ളവരാണ് രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ.
ഇതേ സാഹചര്യമാണ് ബെംഗളൂരുവിൽനിന്ന് വിജയിച്ച എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, ഗോപാലയ്യ എന്നിവരുടെ കാര്യത്തിലുമുള്ളത്.
പ്രാദേശിക സന്തുലിതാവസ്ഥ പാലിക്കണമെന്ന പാർട്ടിക്കുള്ളിലെ ആവശ്യമാണ് മുഖ്യമന്ത്രിയെ ആശങ്കയിലാക്കുന്നത്. മന്ത്രിസ്ഥാനം വാഗ്ദാനം നൽകിയതിനെതുടർന്നാണ് കോൺഗ്രസ് ജെ.ഡി.എസ്. വിമതർ രാജിവെച്ചത്. വാഗ്ദാനത്തിൽനിന്ന് പിൻമാറിയാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്നും സൂചനയുണ്ട്. ഇത്തരം പ്രതിസന്ധികളാണ് മന്ത്രിസഭാവികസനത്തെ വൈകിപ്പിച്ചത്.
മന്ത്രിസഭാവികസനത്തിൽ അന്തിമതീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച ഡൽഹിയിലേക്ക് പോകും.
രണ്ട് ദിവസത്തിനകം മന്ത്രിസഭ വികസിപ്പിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ, അഭ്യന്തരമന്ത്രി അമിത്ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും.
34 അംഗ മന്ത്രിസഭയിൽ 16 എണ്ണമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചവരോടൊപ്പം എട്ട് തവണ എം. എൽ.എ. യായ ഉമേഷ് കട്ടിയും മന്ത്രിയാകുമെന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന വിവരം.
ഇതോടൊപ്പം പാർട്ടിയിൽ ഇടഞ്ഞ് നിൽക്കുന്നരെയും ഉൾപ്പെടുത്തേണ്ടിവരും.
അതിനിടെ, മന്ത്രിസഭാവികസനത്തോടെ സർക്കാർ വീഴുമെന്ന വാദവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 31-ന് മുമ്പ് മന്ത്രിസഭാവികസനം നടത്താനാണ് തീരുമാനം.
ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജെ.ഡി.എസ്. വിമതൻ എ.എച്ച്. വിശ്വനാഥ്, കോൺഗ്രസ് വിമതൻ എം.ടി.ബി. നാഗരാജ് എന്നിവർക്ക് എന്ത് സ്ഥാനം നൽകുമെന്നാണ് കണ്ടറിയേണ്ടത്.
ഇതോടൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തുന്ന രമേശ് ജാർക്കിഹോളി, ബി. ശ്രീരാമുലു എന്നിവരുടെ കാര്യത്തിലെ തീരുമാനവും എളുപ്പമാവില്ല. മന്ത്രിസഭയിൽനിന്നും ഏതാനുംപേരെ മാറ്റിനിർത്താനും ആലോചനയുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെ ഇത് നടപ്പാക്കാനാണ് ആലോചിക്കുന്നത്. മന്ത്രിസഭയിൽനിന്ന് രണ്ടോ മൂന്നോ മന്ത്രിമാരെ ഒഴിവാക്കാനും സാധ്യതയുണ്ട്.
ജാതിസമവാക്യങ്ങൾ പാലിച്ചായിരിക്കും മന്ത്രിസഭാവികസനം. ലിംഗായത്ത് വിഭാഗത്തിൽനിന്ന് മൂന്നും വൊക്കലിഗവിഭാഗത്തിൽ നിന്ന് നാലും കുറുമ്പവിഭാഗത്തിൽ ഒരാളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
സർക്കാരിനെ നിലനിർത്താൻ വീട്ടുവീഴ്ച ചെയ്യണമെന്ന നിർദേശമാണ് കേന്ദ്രനേതൃത്വം നൽകിയത്. മുഖ്യമന്ത്രി മന്ത്രിമാരുടെ പട്ടിക സമർപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര നേതൃത്വം അംഗീകാരം നൽകിയിട്ടില്ല. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി മാരത്തൺ ചർച്ചകളിലാണ് നേതൃത്വം.
പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഉമേഷ് കട്ടി, മുരുകേഷ് നിറാനി, അരിവന്ദ് ലിംബാവലി, എസ്.എ. രാമദാസ് എന്നിവർ മന്ത്രി സ്ഥാനം ലഭിക്കണമെന്ന നിലപാടിലാണ്. തീരദേശത്ത് നിന്ന് ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടിവരും. ഇതിനെല്ലാം പരിഹാരം കാണണമെങ്കിൽ മന്ത്രിസഭയിൽ ഏതാനുംപേരെ മാറ്റിനിർത്തേണ്ടി വരും. നിലവിൽ മന്ത്രിസഭയിൽ 14 സ്ഥാനങ്ങളാണ് ഒഴിവുള്ളത്. ഇതിലേക്ക് 20-ഓളം പേരാണ് മത്സരിക്കുന്നത്. ഇതാണ് മുഖ്യമന്ത്രിയെ ആശങ്കയിലാക്കുന്നത്.