ബെംഗളൂരു: നമ്മ മെട്രോ സർവീസുകളിൽ അടിക്കടിയുണ്ടാകുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി നിർണായക നടപടിയുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL). നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ സർവീസ് നടത്തുന്ന 57 ട്രെയിനുകൾ ഇതിനോടകം 10 ലക്ഷം കിലോമീറ്ററിലധികം യാത്ര പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ദീർഘകാലമായി സർവീസ് നടത്തുന്ന പഴയ ട്രെയിനുകൾ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കാനും, തകരാറിലുള്ള പ്രധാന ഭാഗങ്ങളും സ്പെയർ പാർട്സുകളും മാറ്റിസ്ഥാപിക്കാനും ബിഎംആർസിഎൽ പദ്ധതി ആവിഷ്കരിച്ചു. 2011-ൽ എംജി റോഡ്-ബയ്യപ്പനഹള്ളി റൂട്ടിൽ അഞ്ച് ട്രെയിനുകളുമായി ആരംഭിച്ച സർവീസ് ഘട്ട ഘട്ടമായി വികസിപ്പിച്ചാണ് നിലവിലെ 57 ട്രെയിനുകളിലെത്തി നിൽക്കുന്നത്. പ്രധാന സമയങ്ങളിൽ ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾ യാത്രാതടസ്സത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് ഈ അറ്റകുറ്റപ്പണി തീരുമാനം.
21 പുതിയ ട്രെയിനുകൾ എത്തുന്നു; ശേഷമുള്ള ഘട്ടത്തിൽ അറ്റകുറ്റപ്പണി
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബിഎംആർസിഎൽ ഇതിനകം 21 പുതിയ ട്രെയിനുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ നാല് ട്രെയിനുകൾ നിലവിൽ ബംഗളൂരുവിൽ എത്തിച്ചേർന്നിട്ടുണ്ട്. ബാക്കി 17 ട്രെയിനുകൾ കൂടി എത്തുന്നതോടെ, സർവീസുകൾ തടസ്സപ്പെടാത്ത രീതിയിൽ നിലവിലെ പഴയ ട്രെയിനുകൾ ഘട്ടം ഘട്ടമായി പിൻവലിച്ച് അറ്റകുറ്റപ്പണികൾ ആരംഭിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഈ നവീകരണം ഏറെ സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഒരു ട്രെയിനിന് 35 കോടി രൂപയുടെ ലാഭം
പുതിയ ഒരു മെട്രോ ട്രെയിൻ വാങ്ങുന്നതിന് ഏകദേശം 50 കോടി രൂപയോളം ചെലവ് വരുമ്പോൾ, നിലവിലുള്ള ട്രെയിനുകൾ സമഗ്രമായി നവീകരിച്ച് വീണ്ടും സർവീസിനിറക്കാൻ 15 കോടി രൂപ മാത്രമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഒരു ട്രെയിനിൽ നിന്ന് 35 കോടി രൂപയോളം ലാഭിക്കാൻ ബിഎംആർസിഎല്ലിന് സാധിക്കും. അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിനിന്റെ മോട്ടോർ, ഡ്രൈവ് സിസ്റ്റം, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കേബിളുകൾ, ബാറ്ററി, ബ്രേക്കുകൾ, ചക്രങ്ങൾ, ആക്സിലുകൾ, എയർ കണ്ടീഷനിങ്, വെന്റിലേഷൻ സിസ്റ്റം, സിഗ്നലിംഗ്-നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കും. പരീക്ഷണത്തിൽ നന്നാക്കാൻ കഴിയുന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുകയും, പ്രവർത്തനക്ഷമമല്ലാത്ത ഭാഗങ്ങൾ പൂർണ്ണമായും മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്യും.
