ടോളിൽ കുടുങ്ങാടതെ കുതിച്ചുപായാം; ബെംഗളൂരുവിൽ 1320 കോടിയുടെ 6 മേൽപ്പാല പദ്ധതികൾ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മൂന്ന് പ്രധാന മേൽപ്പാലങ്ങളും എലിവേറ്റഡ് ഹൈവേകളും നിർമ്മിക്കുന്നതിനായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്‌മൈൽ) ടെൻഡറുകൾ ക്ഷണിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബി സ്മൈൽ നടപ്പാക്കുന്ന ഈ പദ്ധതികൾക്ക് ആകെ 1320 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതികളുടെ നിർമ്മാണം 30 മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മൂന്ന് പ്രധാന പാതകൾ

മഹാലക്ഷ്‌മി ലേഔട്ടിൽ വെസ്‌റ്റ് ഓഫ് കോർഡ് റോഡിൽനിന്ന് ഔട്ടർ റിങ് റോഡിലേക്കുള്ള പൈപ്പ്‌ലൈൻ റോഡിൽ ഗ്രേഡ് സെപ്പറേറ്റർ നിർമ്മിക്കുന്നതാണ് ആദ്യ പദ്ധതി. 314.56 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്. മൈസൂരു റോഡിലെ സിർസി സർക്കിളിൽനിന്ന് നയനദഹള്ളിയിലേക്കുള്ള ഉയർന്ന പാതയാണ് രണ്ടാമത്തേത്. 509 കോടി രൂപ ചെലവഴിച്ചാണ് ഈ പാത നിർമ്മിക്കുന്നത്.

സർജാപുര ജങ്ഷനിൽനിന്ന് ഇലക്ട്രോണിക്‌സ് സിറ്റി മേൽപ്പാലം വരെയുള്ള ഉയർന്ന പാതയാണ് മൂന്നാമത്തെ പദ്ധതി. 500 കോടി രൂപ ചെലവ് വരുന്ന ഈ പാതയിൽ ഈജിപുര മേൽപ്പാലം, മടിവാള അടിപ്പാത, സെന്റ് ജോൺസ് ആശുപത്രി ജങ്ഷൻ, സിൽക്ക് ബോർഡ് ജങ്ഷൻ എന്നിവയും സംയോജിപ്പിക്കും. രണ്ട് ടോൾ പാതകൾ ഉൾപ്പെടെ ഏകദേശം 13,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 11 മേൽപ്പാല പദ്ധതികൾക്കാണ് സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. ഇവയെല്ലാം നിലവിൽ ടെൻഡർ നടപടികളുടെ വിവിധ ഘട്ടങ്ങളിലാണ്.

പ്രതിഷേധത്തെ തുടർന്ന് മാറ്റി വരച്ച പദ്ധതി

അതിനിടെ പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് മേൽപ്പാല പദ്ധതികളിൽ ബി സ്‌മൈൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓൾഡ് മദ്രാസ് റോഡിൽനിന്ന് ഇന്ദിരാനഗറിലെ 80 അടി റോഡ്, സി എം എച്ച് റോഡ്, 100 അടി റോഡ് എന്നിവയിലൂടെ ഡോംലൂരിലേക്ക് മേൽപ്പാലം നിർമ്മിക്കാനുള്ള നിർദ്ദേശമാണ് ഉപേക്ഷിച്ചത്. ആദ്യഘട്ടത്തിൽ പദ്ധതിയിട്ടിരുന്ന 11.62 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്നർ റിംഗ് റോഡ് – ഹൊസൂർ റോഡ് എലിവേറ്റഡ് ലൈനിന്റെ ഭാഗമായിരുന്നു ഈ മേൽപ്പാലം.

മരങ്ങൾ നിറഞ്ഞ ഇന്ദിരാനഗറിലെ പ്രധാന റോഡുകളിലൂടെ മേൽപ്പാലം കടന്നുപോകുന്നത് വലിയ തോതിൽ പരിസ്ഥിതി നാശത്തിന് കാരണമാകുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. പദ്ധതി ഉപേക്ഷിച്ചതോടെ പ്രദേശത്തെ മരങ്ങളും പരിസ്ഥിതിയും സംരക്ഷിക്കപ്പെടും. എന്നാൽ ഡോംലൂരിൽനിന്ന് ആരംഭിച്ച് നിർമ്മാണത്തിലിരിക്കുന്ന ഈജിപുര മേൽപ്പാലവുമായി ചേരുന്നതുവരെയുള്ള ഇന്നർ റിംഗ് റോഡ് എലിവേറ്റഡ് ഹൈവേ പദ്ധതി മാറ്റമില്ലാതെ തുടരും. കൂടാതെ സെൻട്രൽ സിൽക്ക് ബോർഡിനും മടിവാളയ്ക്കും ഇടയിൽ ഹൊസൂർ റോഡിൽ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും ബി സ്‌മൈൽ നിലനിർത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts