മക്കയിലേക്ക് കുതിച്ചെത്തി ഹൂതികളുടെ ഡ്രോൺ; വെടിവെച്ചിട്ട് വ്യോമസേന, മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതർ വിക്ഷേപിച്ച ഡ്രോൺ സൗദി അറേബ്യൻ വ്യോമസേന തടഞ്ഞുനിർത്തി തകർത്തു. ചൊവ്വാഴ്ച വൈകുന്നേരം വിലക്കപ്പെട്ട വ്യോമമേഖലയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സ് ഡ്രോൺ വിജയകരമായി തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനയുടെ വക്താവ് തുർക്കി അൽ മാലിക്കി വ്യക്തമാക്കി. തീർത്ഥാടകരെയും സിവിലിയന്മാരെയും ഭയപ്പെടുത്താനും അപായപ്പെടുത്താനുമുള്ള ശ്രമത്തെ രൂക്ഷമായി വിമർശിച്ച അൽ മാലിക്കി, വിശുദ്ധ മസ്ജിദുകളുടെയും തീർത്ഥാടകരുടെയും സുരക്ഷ സൗദിക്ക് ‘ചുവപ്പ് വര’യാണെന്ന് മുന്നറിയിപ്പ് നൽകി.

സംഭവത്തെ തുടർന്ന് മക്കയിലും തായിഫ്, ജിദ്ദ എന്നീ നഗരങ്ങളിലും സൗദി അറേബ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും മിനിറ്റുകൾക്കകം ഇത് പിൻവലിച്ചു. 2017ന് ശേഷം ആദ്യമായാണ് മക്കയിൽ ഇത്തരമൊരു സുരക്ഷാ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ വിശുദ്ധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും മക്കയ്ക്ക് നേരെ ഭീഷണിയുയർത്തി എന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നും യമനിലെ ഹൂതി സൈനിക വക്താവ് പ്രതികരിച്ചു.

2022 ഏപ്രിലിലെ ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയെ തുടർന്ന് കുറഞ്ഞുനിന്ന സംഘർഷം, ബാബ് അൽ-മന്ദബ് തീരപ്രദേശത്ത് ഹൂതികൾ നിയന്ത്രണം കടുപ്പിച്ചതോടെ വീണ്ടും രൂക്ഷമായിരിക്കുകയാണ്. തായിഫ്, ഖമീസ് മുഷൈത്, അബഹ തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 13 പേർക്ക് പരിക്കേറ്റതായും സിവിലിയൻ മേഖലകൾക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൗദി സഖ്യസേന അറിയിച്ചു. കോടിക്കണക്കിന് മുസ്ലിംകൾ വിശുദ്ധമായി കാണുന്ന മക്കയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണശ്രമം ലോകമെമ്പാടുമുള്ള തീർത്ഥാടകർക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts