പുതിയ മാറ്റം; കൗണ്ടറിൽ നിൽക്കേണ്ട, പണവും വേണ്ട; ബെംഗളൂരു റെയിൽവേ സ്റ്റേഷനുകളിൽ ഇനി ‘സഹായക്’ യുഗം!

ബെംഗളൂരു: മൊബൈൽ അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (എം-യുടിഎസ്) സഹായക് സേവനം വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ പദ്ധതി ബെംഗളൂരുവിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കെല്ലാം വ്യാപിപ്പിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്.ഡബ്ല്യു.ആർ). കെ.എസ്.ആർ ബെംഗളൂരു സ്റ്റേഷനിൽ ആദ്യമായി നടപ്പിലാക്കിയ ശേഷമാണ് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി സൗകര്യം ലഭ്യമാക്കുന്നത്.

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷന് കീഴിലുള്ള കെ.എസ്.ആർ ബെംഗളൂരു, യശ്വന്ത്പൂർ, എസ്.എം.വി.ടി, കേംഗേരി, കെ.ആർ പുരം, ബംഗാർപേട്ട് എന്നീ ആറ് പ്രധാന സ്റ്റേഷനുകളിലായി 36 സഹായകരെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ എസ്.എം.വി.ടിയിൽ രണ്ടും യശ്വന്ത്പൂരിൽ ഒരാളെയും ഇതിനോടകം തന്നെ സേവനത്തിനായി നിയോഗിച്ചു കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് സ്വീകാര്യതാ കത്തുകൾ (LOAs) നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ളവരുടെ നിയമനം ഉടൻ തന്നെ പൂർത്തിയാക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

2025 ഒക്ടോബറിലാണ് കെ.എസ്.ആർ ബെംഗളൂരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി ആരംഭിച്ചത്. തുടർന്ന് 2026 ജൂണിൽ ഓരോ സോണിനും പത്ത് സ്റ്റേഷനുകൾ വരെ തെരഞ്ഞെടുക്കാൻ അനുമതി നൽകിക്കൊണ്ട് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി പദ്ധതി ബെംഗളൂരുവിലെ മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാൻ റെയിൽവേ ആലോചിക്കുന്നതായി ജൂലൈ 14-ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കെ.എസ്.ആർ ബെംഗളൂരുവിൽ മാത്രം പ്രതിദിനം 25,000-ത്തിലധികം അൺറിസർവ്ഡ് ടിക്കറ്റുകളാണ് വിറ്റഴിക്കുന്നത്.

സ്മാർട്ട്ഫോണും ബ്ലൂടൂത്ത് പ്രിന്ററുമായാണ് സഹായകർ സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കാനായി നിലയുറപ്പിക്കുന്നത്. യാത്രക്കാർക്ക് പണമായോ യു.പി.ഐ (UPI) വഴിയോ നേരിട്ട് തുക നൽകി എല്ലാ ട്രെയിനുകളിലേക്കുമുള്ള അൺറിസർവ്ഡ് ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ഇവരിൽ നിന്ന് കൈപ്പറ്റാം.

വിൽക്കുന്ന ടിക്കറ്റുകളുടെ എണ്ണവും യാത്രാ ദൂരവും അടിസ്ഥാനമാക്കിയുള്ള കമ്മീഷൻ മാതൃകയിലാണ് സഹായകർക്ക് വേതനം നൽകുന്നത്. 150 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്കിന്റെ 3 ശതമാനവും, 150 മുതൽ 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 2 ശതമാനവുമാണ് കമ്മീഷൻ. 500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക് ടിക്കറ്റ് നിരക്കിന്റെ 1 ശതമാനം കമ്മീഷനായി ഇവർക്ക് ലഭിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts