തെരുവ് നായ്ക്കളിൽ മൃഗീയ പരീക്ഷണങ്ങൾ?ബെംഗളൂരുവിലെ ഡോക്ടർമാർക്കെതിരെ ഞെട്ടിക്കുന്ന ആരോപണം!

ബെംഗളൂരു: ദൊഡ്ഡകന്നല്ലിയിലെ പ്രൈം കെയർ പെറ്റ് ഹോസ്പിറ്റലിലെ രണ്ട് വെറ്ററിനറി ഡോക്ടർമാർ തെരുവ് നായക്കളോട് കടുത്ത ക്രൂരത കാണിച്ചെന്ന ആരോപണത്തിൽ പ്രതിഷേധവുമായി പെറ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് കർണാടക (PPAK). ആവശ്യമായ അനുമതികളില്ലാതെ തെരുവ് നായ്ക്കളിൽ അസ്ഥിരോഗ ശസ്ത്രക്രിയകൾ നടത്തുകയും അവയെ പീഡിപ്പിക്കുകയും ചെയ്തുവെന്ന വാർത്തകൾ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഡോ. ആസിഫ് പാഷ, ഡോ. മഞ്ജുനാഥ് എന്നിവർക്കെതിരെയാണ് മൃഗരോഗ സംരക്ഷണ നിയമപ്രകാരം ഗൗരവതരമായ ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്.

പ്രാഥമിക പരിശോധനയിൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് വ്യക്തമാകുന്നുണ്ടെങ്കിലും, ഉചിതമായ അധികാരികൾ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റാരോപിതർക്ക് നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കണമെന്നും പി.പി.എ.കെ പത്രക്കുറിപ്പിൽ അറിയിച്ചു. മൃഗങ്ങളോട് കാണിക്കുന്ന ഏതൊരു തരത്തിലുള്ള ക്രൂരതയെയും മനഃപൂർവമുള്ള ഉപദ്രവങ്ങളെയും ശക്തമായി അപലപിക്കുന്നതായി അസോസിയേഷൻ ഹോണററി പ്രസിഡന്റ് ഡോ. നാഗേഷ് റെഡ്ഡി ബി. വ്യക്തമാക്കി. മൃഗക്ഷേമത്തിന് വേണം പ്രഥമ പരിഗണന നൽകാനെന്നും ഇത്തരം ഗൗരവമുള്ള പരാതികൾ സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണസംവിധാനങ്ങളിൽ അസോസിയേഷന് പൂർണ വിശ്വാസമുണ്ടെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തക്കതായ നടപടി സ്വീകരിക്കുമെന്നും പി.പി.എ.കെ രക്ഷാധികാരി ഡോ. നരേന്ദ്ര ആർ. അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തമുള്ള മൃഗചികിത്സാരീതികളും ജീവജാലങ്ങളോടുള്ള കരുണയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മൃഗങ്ങൾ ദയയും അന്തസ്സും മനുഷ്യത്വപരമായ പരിചരണവും അർഹിക്കുന്നുണ്ടെന്നും അവയ്ക്ക് അനാവശ്യമായ വേദനയോ ക്രൂരതയോ നൽകുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. ലോഹിത് എച്ച്.ഡി. പറഞ്ഞു. നിയമപരവും ശാസ്ത്രീയവുമായ മൃഗക്ഷേമ പ്രവർത്തനങ്ങളെയാണ് അസോസിയേഷൻ പിന്തുണയ്ക്കുന്നതെന്ന് ഹോണററി സെക്രട്ടറി ഡോ. അസീമുള്ള എച്ച്.ആർ. വ്യക്തമാക്കി.

അന്വേഷണത്തിനൊടുവിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഡോക്ടർമാരെ അസോസിയേഷന്റെ ചട്ടങ്ങൾക്കനുസൃതമായി സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം, മൃഗങ്ങളോടുള്ള മാനുഷികമായ സമീപനവും ധാർമ്മികമായ ചികിത്സാരീതികളും ഉയർത്തിപ്പിടിക്കാൻ നഗരത്തിലെ മുഴുവൻ വെറ്ററിനറി ഡോക്ടർമാരും ശ്രദ്ധിക്കണമെന്ന് പെറ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓർമ്മിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts