വീണ്ടും ബസ് ചാർജ് വർധന: പൊതുജനങ്ങൾക്ക് സെപ്റ്റംബർ 21 വരെ നിർദേശങ്ങളും ആക്ഷേപങ്ങളും അറിയിക്കാം.

ബെംഗളൂരു: കർണാടകയിൽ പൊതുജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയായി കെ.എസ്.ആർ.ടി.സി (KSRTC), ബി.എം.ടി.സി (BMTC), എൻ.ഡബ്ല്യു.കെ.ആർ.ടി.സി (NWKRTC), കെ.കെ.ആർ.ടി.സി (KKRTC) എന്നീ നാല് സർക്കാർ ഗതാഗത കോർപ്പറേഷനുകളിലെയും ബസ് ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ നീക്കം. യാത്രാനിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും യാത്രക്കാർക്കും തങ്ങളുടെ അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കാമെന്ന് സംസ്ഥാന പൊതുഗതാഗത ഫെയർ റെഗുലേറ്ററി കമ്മിറ്റി അറിയിച്ചു.

ഡീസൽ-ഇന്ധന വിലയിലുണ്ടായ വർദ്ധനവ്, ജീവനക്കാരുടെ വേതന വർദ്ധനവ്, മറ്റ് ദൈനംദിന പ്രവർത്തന ചെലവുകൾ എന്നിവ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അതിനാൽ ടിക്കറ്റ് നിരക്ക് കൂട്ടണമെന്നുമാണ് ഗതാഗത കോർപ്പറേഷനുകളുടെ ആവശ്യം. 2026 മേയ് 31-ലെ കണക്കനുസരിച്ച് നാല് കോർപ്പറേഷനുകളുടെയും ആകെ ബാധ്യത 8,095.5 കോടി രൂപയിലെത്തിയിട്ടുണ്ട്.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന കർണാടക സർക്കാരിന്റെ ‘ശക്തി’ പദ്ധതി നടപ്പിലാക്കിയ ഇനത്തിൽ ചെലവായ 5,418.6 കോടി രൂപ സർക്കാർ തിരിച്ചടയ്ക്കണമെന്നും ഗതാഗത ബോർഡുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടപ്പിലാക്കിയതിലൂടെയുണ്ടായ അധിക സാമ്പത്തിക ഭാരവും നിരക്ക് വർദ്ധനവ് ആവശ്യപ്പെടാൻ കോർപ്പറേഷനുകളെ പ്രേരിപ്പിച്ചു.

സെപ്റ്റംബർ 21 വരെ പൊതുജനങ്ങൾക്ക് നിരക്ക് വർദ്ധന സംബന്ധിച്ച് അഭിപ്രായങ്ങൾ സമർപ്പിക്കാം. ബംഗളൂരു ശാന്തിനഗറിലെ കെ.എസ്.ആർ.ടി.സി സെൻട്രൽ ഓഫീസിലുള്ള കർണാടക പബ്ലിക് ട്രാൻസ്പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റി ചെയർപേഴ്‌സണ് നേരിട്ടോ, കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ പോർട്ടൽ വഴിയോ നിർദ്ദേശങ്ങളും എതിർപ്പുകളും സമർപ്പിക്കാവുന്നതാണ്.

അവസാനമായി 2025 ജനുവരിയിലാണ് സംസ്ഥാനത്ത് 15 ശതമാനം ബസ് നിരക്ക് വർദ്ധിപ്പിച്ചത്. രണ്ട് വർഷം തികയുന്നതിന് മുൻപാണ് വീണ്ടും നിരക്ക് വർദ്ധനവിന് വഴിയൊരുങ്ങുന്നത്. നിലവിൽ നിരക്ക് വർദ്ധനവ് അന്തിമമാക്കിയിട്ടില്ലെന്നും സെപ്റ്റംബർ 21 വരെ ലഭിക്കുന്ന പൊതുജന അഭിപ്രായങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും സമിതി അന്തിമ തീരുമാനമെടുക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ദിനംപ്രതി പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെ പ്രതിമാസ ചെലവിനെ ബാധിക്കുന്നതാണ് പുതിയ നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts