ബെംഗളൂരു: കർണാടക ആസൂത്രണ, സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രി ഡി. സുധാകർ (65) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ കിംസ് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ചികിത്സയോട് പ്രതികരിക്കാതെയായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രിയുടെ നിര്യാണത്തിൽ ആദരസൂചകമായി കർണാടകയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. അദ്ദേഹം ചുമതല വഹിച്ചിരുന്ന ചിത്രദുർഗ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്കൂൾ, കോളേജുകൾക്കും തിങ്കളാഴ്ച (മെയ് 11) ജില്ലാ കളക്ടർ ടി. വെങ്കിടേഷ് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയ സഹപ്രവർത്തകന്റെ വിയോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു.
ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിലുള്ള നെഹ്റു മൈതാനത്താണ് അന്ത്യകർമ്മങ്ങൾ നടക്കുക. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ഡി. സുധാകർ. ആവശ്യവുമായി എത്തുന്നവരെ ഒരിക്കലും വെറുംകൈയോടെ മടക്കി അയക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. സ്ത്രീശാക്തീകരണ രംഗത്തും പാവപ്പെട്ടവരുടെ ഉന്നമനത്തിനുമായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹത്തിന്റെ വിയോഗത്തിൽ തളർന്ന ഓഫിസ് ജീവനക്കാരും നാട്ടുകാരും പങ്കുവെച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അറിയിച്ചു.
