ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ കൃത്യസമയത്തുള്ള ഇടപെടലും മനസ്സാന്നിധ്യവും കാരണം ബസിലുണ്ടായിരുന്ന 17 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ റാണെബെന്നൂർ താലൂക്കിലെ ദേവരുദ്ദയ്ക്ക് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്.

ബെംഗളൂരുവിൽ നിന്ന് ഗഡാഗിലേക്ക് പോകുകയായിരുന്ന ബസിൻ്റെ എഞ്ചിൻ ഭാഗത്തുനിന്നാണ് തീ പടർന്നത്. എഞ്ചിൻ കമ്പാർട്ടുമെന്റിൽ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിൽ ഒതുക്കി നിർത്തി. തുടർന്ന് പരിഭ്രാന്തരായ യാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ നിർദ്ദേശം നൽകുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ തീ ബസിലുടനീളം പടരുകയും വാഹനം പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും ബസ് പൂർണ്ണമായും അസ്ഥികൂടമായി മാറിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റാണെബെന്നൂർ റൂറൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അപകടത്തെത്തുടർന്ന് ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കുകയും ചെയ്തു. വലിയൊരു ദുരന്തം ഒഴിവാക്കിയ ഡ്രൈവറുടെ ജാഗ്രതയെ നാട്ടുകാരും അധികൃതരും അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts