‘ചെരുപ്പ് പ്രതിഷേധം‘ ഒക്ടോബർ 8-ന് ബെംഗളൂരുവിൽ വൻ പ്രതിഷേധം!

ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ വരുന്ന വ്യാഴാഴ്ച (ഒക്ടോബർ 8) ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. സി.ജെ.പി കോ-കൺവീനർ അശുതോഷ് റാങ്കയാണ് വ്യാഴാഴ്ച രാവിലെ 10.30 മുതൽ ജനകീയ ട്രൈബ്യൂണലും തുടർന്ന് ‘ചെരുപ്പ് പ്രതിഷേധവും’ നടക്കുമെന്ന് അറിയിച്ചത്.

വോട്ടർപട്ടികയിൽ നിന്ന് അനധികൃതമായി പേര് നീക്കം ചെയ്യപ്പെട്ട കർണാടകയിലെ സാധാരണക്കാരായ വോട്ടർമാർ ജനകീയ ട്രൈബ്യൂണലിൽ പങ്കെടുത്ത് തങ്ങളുടെ പരാതികൾ ഉന്നയിക്കും. തുടർന്ന് അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെരുപ്പ് പ്രതിഷേധം നടക്കും. സംസ്ഥാനത്തെ വിവിധ സിവിൽ സൊസൈറ്റി സംഘടനകളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദിപ്കെ, വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് പുറമെ പ്രശസ്ത സിനിമാ താരം പ്രകാശ് രാജും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ അണിനിരക്കും. പരിപാടിയിൽ ഏവരും വൻതോതിൽ പങ്കാളികളാകണമെന്ന് പ്രകാശ് രാജ് സമൂഹമാധ്യമമായ ‘എക്സി’ലൂടെ (X) ആഹ്വാനം ചെയ്തു.

എസ്.ഐ.ആർ നടപടികളിലൂടെ വോട്ടർപട്ടികയിൽ വരുത്തിയ മുഴുവൻ വെട്ടിച്ചുരുക്കലുകളും റദ്ദാക്കണമെന്നും പരിഷ്കരണത്തിന് മുമ്പുണ്ടായിരുന്ന പഴയ വോട്ടർപട്ടിക നിലനിർത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കൂടാതെ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വൻ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts