ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും തനിയെ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഉൾപ്പെടെ പ്രത്യേക പരിചരണം ആവശ്യമുള്ള യാത്രക്കാർക്കായി ടെർമിനൽ 1-ൽ ‘സ്പെഷ്യൽ അസിസ്റ്റൻസ് സോൺ’ പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിൽ കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് യാത്ര അനായാസമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സെക്യൂരിറ്റി പരിശോധനയ്ക്ക് മുൻപായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിലേക്ക് പ്രയോറിറ്റി ഗേറ്റ് 5A വഴി പ്രവേശിക്കാം. ചെക്ക്-ഇൻ, ലഗേജ് സഹായം, വിശ്രമമുറി എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഏകോപിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. യാത്രക്കാർക്കായി എയർലൈൻ പങ്കാളികളുടെ സഹകരണത്തോടെ രണ്ട് പ്രത്യേക സഹായ ഡെസ്കുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
വീൽചെയർ സൗഹൃദമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മേഖലയിൽ എത്തുന്ന യാത്രക്കാരിൽ നിന്ന് ജീവനക്കാർ നേരിട്ട് ലഗേജുകൾ സ്വീകരിച്ച് ബെൽറ്റിലേക്ക് മാറ്റും. ഇതിലൂടെ യാത്രക്കാർ സ്വയം ലഗേജ് ഡ്രോപ്പ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാകും. ചാർജിംഗ് പോയിന്റുകളോട് കൂടിയ 20 സീറ്റുകളാണ് സഹായ കേന്ദ്രത്തിനുള്ളിൽ ഉള്ളത്. ഇതിനുപുറമെ, കൂടെയുള്ള കുടുംബാംഗങ്ങൾക്കും പരിചരിക്കുന്നവർക്കുമായി പുറത്ത് കൂടുതൽ സീറ്റുകളും വിമാന സമയവിവരങ്ങൾ തത്സമയം അറിയാൻ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്.
മൊബിലിറ്റി അസിസ്റ്റ്, ന്യൂറോ ഡൈവേർജന്റ് യാത്രക്കാർക്കായുള്ള സെൻസറി റൂം, ഹിഡൻ ഡിസബിലിറ്റീസ് സൺഫ്ലവർ ലാനിയാർഡ് പ്രോഗ്രാം, ഡിജിറ്റൽ ടൂളുകൾ തുടങ്ങിയ വിമാനത്താവളത്തിന്റെ സമഗ്രമായ ആക്‌സസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
