ബെംഗളൂരു : പങ്കാളിയോടോ സുഹൃത്തുക്കളോടോ ഡോക്ടർമാരോടോ തുറന്നുപറയാൻ മടിക്കുന്ന ലൈംഗികവും വ്യക്തിപരവുമായ സംശയങ്ങൾക്ക് ഉത്തരം തേടി ബംഗളൂരുവിൽ പ്രായപൂർത്തിയായ ഭൂരിഭാഗം പേരും നിർമ്മിതബുദ്ധിയെ (AI) ആശ്രയിക്കുന്നതായി റിപ്പോർട്ട്. ലൈംഗികാരോഗ്യം, ബന്ധങ്ങളിലെ അടുപ്പം, ലൈംഗിക വിദ്യാഭ്യാസം എന്നിവയ്ക്കായി ആളുകൾ എ.ഐ ചാറ്റ്‌ബോട്ടുകളിലേക്ക് തിരിയുന്നത് ബംഗളൂരുവിൽ പുതിയ രീതിയായി മാറുകയാണെന്ന് ഡോക്ടർമാരും മനശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു.
ഗ്ലീഡൻ-ഐപ്സോസ് (Gleeden-IPSOS) നടത്തിയ സർവേ പ്രകാരം, ബംഗളൂരുവിൽ നിന്നുള്ള സർവേ പങ്കാളികളിൽ 77 ശതമാനം പേരും ലൈംഗികാരോഗ്യ സംശയങ്ങൾക്ക് എ.ഐയെ ആശ്രയിക്കാൻ താല്പര്യപ്പെടുന്നവരാണ്. ലൈംഗിക അടുപ്പം മെച്ചപ്പെടുത്താൻ എ.ഐ ഉപയോഗിക്കുമെന്ന് 75 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, തങ്ങളുടെ ലൈംഗിക ആഗ്രഹങ്ങളും സംശയങ്ങളും എ.ഐയുമായി പങ്കുവെക്കാൻ മടിയില്ലെന്ന് 67 ശതമാനം പേർ വ്യക്തമാക്കി. കൂടാതെ അഡൽറ്റ് ചാറ്റ്‌ബോട്ടുകളും എ.ഐ ഗെയിമുകളും ഉപയോഗിക്കാൻ ഏറ്റവും കൂടുതൽ സന്നദ്ധത പ്രകടിപ്പിച്ച നഗരവും ബംഗളൂരുവാണ് (52%).
സ്വകാര്യത ഉറപ്പുനൽകുന്നു എന്നതും ആരും കുറ്റപ്പെടുത്തില്ല എന്നതുമാണ് ആളുകളെ എ.ഐ ചാറ്റ്‌ബോട്ടുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇത് പലപ്പോഴും തെറ്റായ സ്വയം രോഗനിർണ്ണയത്തിലേക്കും (Self-diagnosis) അനാവശ്യ ഭയത്തിലേക്കും വഴിതെളിക്കുന്നതായി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ലൈംഗിക വൈകല്യങ്ങൾ, വന്ധ്യത, രോഗലക്ഷണങ്ങൾ എന്നിവയെക്കുറിച്ച് എ.ഐ നൽകുന്ന ഉത്തരങ്ങൾ വൈദ്യശാസ്ത്രപരമായി പൂർണ്ണമായും ശരിയാകണമെന്നില്ലെന്ന് വൈറ്റ്ഫീൽഡിലെ പ്രമുഖ മനോരോഗ വിദഗ്ദ്ധ ഡോ. പ്രീതി ദുഗ്ഗർ ഗുപ്ത പറയുന്നു.
എ.ഐയുടെ നിർദ്ദേശം കേട്ട് ആവശ്യമില്ലാത്ത രക്തപരിശോധനകൾ നടത്തി ആശങ്കയിലായ രോഗികളുടെ അനുഭവങ്ങൾ ഡോക്ടർമാർ പങ്കുവെക്കുന്നുണ്ട്. പങ്കാളിയേക്കാൾ കൂടുതൽ തന്ന മനസ്സിലാക്കുന്നത് എ.ഐ ആണെന്ന് വിശ്വസിച്ച് ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കേസും, തുടർച്ചയായി എച്ച്.ഐ.വി പരിശോധന നടത്തി നെഗറ്റീവ് ആയിട്ടും എ.ഐ നൽകിയ മറുപടി കാരണം ഭയത്തിൽ ജീവിച്ച വ്യക്തിയുടെ സംഭവവും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
പരമ്പരാഗത ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവും, പോണോഗ്രാഫിയുടെയും എ.ഐയുടെയും അമിത സ്വാധീനവുമാണ് ചെറുപ്പക്കാരിൽ ഇത്തരം പെരുമാറ്റരീതികൾ വളർത്തുന്നതെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. എ.ഐ നൽകുന്ന വിവരങ്ങൾ ശാസ്ത്രീയമായി കൃത്യതയുള്ളതാകണമെന്നില്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം തേടുകയാണ് വേണ്ടതെന്ന് ആരോഗ്യരംഗത്തുള്ളവർ വ്യക്തമാക്കുന്നു.
