കെആർ മാർക്കറ്റിൽ നാല് വയസ്സുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കൾക്കായി അന്വേഷണം

ബെംഗളൂരു: ബെംഗളൂരു കെആർ മാർക്കറ്റ് സമുച്ചയത്തിൽ തനിച്ചു അലഞ്ഞുതിരിയുകയായിരുന്ന നാലു വയസ്സുകാരിയെ പൂക്കച്ചവടക്കാരിയായ പൂജാരി റോസി (48) കണ്ടെത്തി പൊലീസിലേൽപ്പിച്ചു. ഓഗസ്റ്റ് 27-ന് വൈകുന്നേരം ഏഴു മണിയോടെയാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ബോധപൂർവം ഉപേക്ഷിച്ചു കടന്നുകളഞ്ഞതാണെന്ന സംശയത്തെ തുടർന്ന് സെപ്റ്റംബർ 11-ന് സിറ്റി മാർക്കറ്റ് പൊലീസിൽ റോസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

മാർക്കറ്റിനുള്ളിൽ വെച്ച് കണ്ടപ്പോൾ കുട്ടി ചായ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാതാപിതാക്കൾ കൂടെയുണ്ടായിരുന്നതായി കുട്ടി പറഞ്ഞെങ്കിലും അവർ എവിടെയാണെന്ന് വ്യക്തമാക്കാൻ കുട്ടിക്കായില്ല. തുടർന്ന് മാർക്കറ്റിന്റെ സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തുകയും മറ്റ് കച്ചവടക്കാരോട് അന്വേഷിക്കുകയും ചെയ്തെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായില്ല. കുട്ടിക്ക് സ്വന്തം പേരും അമ്മയുടെ പേരും മാത്രമാണ് അറിയാമായിരുന്നത്. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയെ വിക്ടോറിയ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്നിൽ ഹാജരാക്കി നിംഹാൻസ് ആശുപത്രിക്ക് സമീപമുള്ള ശിശുവെൽഫെയർ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടി കാണാതായതായി ചൂണ്ടിക്കാട്ടി ഇതുവരെ മാതാപിതാക്കളാരും പരാതി നൽകിയിട്ടില്ല. തുടർന്ന് 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുന്നതിനെതിരെയുള്ള ബിഎൻഎസ് (BNS) സെക്ഷൻ 93 പ്രകാരം കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

20 വർഷം മുൻപ് കൈയിൽ പൊള്ളലേറ്റ നിലയിൽ കണ്ട പെൺകുട്ടിയെ സംരക്ഷിച്ച അനുഭവമാണ് തനിയെ കാണുന്ന കുട്ടികളെ സഹായിക്കാൻ റോസിക്ക് പ്രചോദനമായത്. സ്വന്തമായി മക്കളും പേരക്കുട്ടികളുമുണ്ടെങ്കിലും ഈ കുട്ടിയെ ദത്തെടുക്കാൻ റോസി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും നിയമപരമായ തടസ്സങ്ങൾ കാരണം സാധ്യമല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾ കുട്ടിയെ ബോധപൂർവം ഉപേക്ഷിച്ചതാണെന്ന നിഗമനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts