ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം 18

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകൾ പ്രമാണിച്ച് സെപ്റ്റംബർ 18-ന് ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ പോലീസ് ശക്തമായ ഗതാഗത നിയന്ത്രണങ്ങളും റോഡ് വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് പോലീസിന്റെ ഈ നടപടി.

ബാനസവാടി ട്രാഫിക് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ലിംഗരാജപുരം, ബാനസവാടി മെയിൻ റോഡ് വഴി ഹലാസൂരു തടാകത്തിലേക്ക് പോകുന്ന റോഡുകളിൽ ഗതാഗതം തടയും. കൂടാതെ ഹെന്നൂർ ബ്രഡ്ജ്, നെഹ്‌റു റോഡ്, ഉല്ലാസപ്പ ജംഗ്ഷൻ, കുവെമ്പു സർക്കിൾ വഴി ചന്ദ്രിക ജംഗ്ഷനിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്കും വിലക്കുണ്ട്. കല്യാൺ നഗർ 80 ഫീറ്റ് റോഡിൽ നിന്ന് ഉത്തം സാഗർ ജംഗ്ഷനിലേക്കുള്ള വാഹനങ്ങളും ഐ.ഒ.സി ബ്രഡ്ജ് വഴി നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും വഴിതിരിച്ചുവിടും. യാത്രക്കാർ യാത്രയ്ക്കായി ഹെന്നൂർ മെയിൻ റോഡ്, ഔട്ടർ റിംഗ് റോഡ്, എച്ച്.ബി.ആർ 80 ഫീറ്റ് റോഡ്, രാമമൂർത്തി നഗർ, കസ്തൂരി നഗർ, ഓൾഡ് മദ്രാസ് റോഡ് എന്നിവ ബദൽ മാർഗ്ഗങ്ങളായി ഉപയോഗിക്കേണ്ടതാണ്.

കെ.ജി ഹള്ളി, പുളകേശിനഗർ ട്രാഫിക് പോലീസ് പരിധിയിൽ സെപ്റ്റംബർ 18 രാവിലെ 11 മണി മുതൽ സെപ്റ്റംബർ 19 പുലർച്ചെ 4 മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്. നാഗവാര മെയിൻ റോഡ്, ടാന്നറി റോഡ്, ഡേവിസ് റോഡ്, പോട്ടറി റോഡ്, ലാസർ റോഡ്, അസായി റോഡ് എന്നീ പ്രധാന പാതകളെ ഇത് ബാധിക്കും. ഈ ഭാഗങ്ങളിൽ സഞ്ചരിക്കുന്നവർ വീലേഴ്‌സ് റോഡ്, എം.എം റോഡ്, റെയിൽവേ അണ്ടർബ്രിഡ്ജ്, എച്ച്.എം റോഡ്, സെന്റ് ജോൺസ് ചർച്ച് റോഡ് എന്നിവ ബദൽ പാതകളായി തിരഞ്ഞെടുക്കണം.

ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പ്രധാന റോഡുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts