നേപ്പാൾ പ്രളയം: കാണാതായവർക്കായി ഡി.എൻ.എ പരിശോധന: കർണാടക ബൊവ്രിംഗ് ആശുപത്രിയിൽ സൗകര്യമൊരുക്കി

ബെംഗളൂരു: സമീപത്തുണ്ടായ പ്രകൃതിദുരന്തത്തിൽ നേപ്പാളിൽ കാണാതായ കർണാടക സ്വദേശികളുടെ ബന്ധുക്കളുടെ ഡി.എൻ.എ സാംപിളുകൾ ബെംഗളൂരു ബൊവ്രിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയിൽ ശേഖരിച്ച് പരിശോധിക്കും. കാണാതായവരുടെ ഒന്നാം ഡിഗ്രി രക്തബന്ധുക്കളായ ആളുകളിൽ നിന്നാണ് ഇതിനായി സാംപിളുകൾ ശേഖരിക്കുന്നത്.

വിവരശേഖരണത്തിനും പരിശോധനകൾക്കും നേതൃത്വം നൽകുന്നതിനായി ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവിയായ ഡോ. നാഗേഷ് കുപ്പാസ്റ്റിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ 9742707500 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇതിനുപുറമെ, റെസിഡന്റ് മെഡിക്കൽ ഓഫീസറായ ഡോ. വാദിരാജ് ബി. പോക്കാനെ 9448408640 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

സാമ്പിൾ നൽകാനെത്തുന്ന ബന്ധുക്കൾ സമീപകാലത്തെടുത്ത ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ ഉൾപ്പെടെയുള്ള ഏതെങ്കിലും ഗവൺമെന്റ് തിരിച്ചറിയൽ രേഖയും ബന്ധം തെളിയിക്കുന്നതിനുള്ള അനുബന്ധ രേഖകളും കരുതണമെന്ന് കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സോഷ്യൽ സെക്യൂരിറ്റി ആൻഡ് പെൻഷൻസ് വകുപ്പും നിർദ്ദേശിച്ചിട്ടുണ്ട്.

ഡി.എൻ.എ പ്രൊഫൈലിംഗിനായി അയക്കുന്നതിന് മുൻപ്, സാംപിൾ നൽകുന്ന വ്യക്തിക്ക് കാണാതായ ആളുമായി ഒന്നാം ഡിഗ്രി രക്തബന്ധമുണ്ടെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) ചീഫ് കമ്മീഷണറോ അതത് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ലഭ്യമായ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത് സാക്ഷ്യപ്പെടുത്തുന്നത്. ഫൊറൻസിക് സയൻസ് ലാബിലേക്ക് (എഫ്.എസ്.എൽ) കേസ് റഫർ ചെയ്യുമ്പോൾ ജി.ബി.എ ചീഫ് കമ്മീഷണറുടെയോ ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണറുടെയോ ഔദ്യോഗിക സാക്ഷ്യപത്രവും ഒപ്പമുണ്ടായിരിക്കണം. കാണാതായ ആളുടെ വിവരങ്ങൾ, സാംപിൾ നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ, രക്തബന്ധത്തിന്റെ സ്വഭാവം, പരിശോധിച്ച രേഖകൾ എന്നിവ ഈ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിട്ടുണ്ടാകും.

നേപ്പാൾ അധികൃതർ തയ്യാറാക്കുന്ന ഡി.എൻ.എ പ്രൊഫൈലുകളുമായി എളുപ്പത്തിൽ ഒത്തുനോക്കാൻ പാകത്തിലുള്ള റിപ്പോർട്ടുകൾ മുൻഗണനാടിസ്ഥാനത്തിൽ വേഗത്തിൽ തയ്യാറാക്കി നൽകാൻ കർണാടക ഫൊറൻസിക് സയൻസ് ലാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts