ടാങ്കർ മറിഞ്ഞു: 14,000 ലിറ്റർ നന്ദിനി പാൽ റോഡിൽ ഒഴുകിപ്പോയി

ബെംഗളൂരു: ബ്രേക്ക് തകരാറിനെ തുടർന്ന് കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി പാൽ ടാങ്കർ മറിഞ്ഞ് പതിനായിരക്കണക്കിന് ലിറ്റർ പാൽ റോഡിൽ ഒഴുകിപ്പോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഹെബ്ബാളിന് സമീപമുള്ള സർവീസ് റോഡിലാണ് അപകടമുണ്ടായത്. പൂർണമായും പാലുമായി എയർപോർട്ട് റോഡിൽ നിന്ന് കെ.എം.എഫ് കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.

ഉച്ചയ്ക്ക് 2.45-ഓടെ വെറ്ററിനറി കോളേജ് റോഡിന് എതിർവശത്ത് വെച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നൂറുമീറ്ററോളം റോഡരികിലൂടെ മുന്നോട്ട് നീങ്ങിയ ടാങ്കർ മരങ്ങളിലും ഡിവൈഡറിലും ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞതെന്ന് സഞ്ജയ് നഗർ ടാങ്കർ ട്രാഫിക് പോലീസ് അറിയിച്ചു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്ന് പാൽ വലിയ തോതിൽ സർവീസ് റോഡിലേക്ക് ഒഴുകിയെത്തി. ചോർച്ച തടയാൻ നാട്ടുകാർ ടാങ്കറിന്റെ മൂടി അടയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വഴിയാത്രക്കാരും സ്‌കൂൾ കുട്ടികളും കുപ്പികളിൽ പാൽ ശേഖരിച്ചു കൊണ്ടുപോകുന്ന കാഴ്ചയും കാണാമായിരുന്നു.

തിരക്കേറിയ റോഡിലാണ് അപകടം നടന്നതെങ്കിലും മറ്റ് വാഹനങ്ങളോ വഴിയാത്രക്കാരോ അപകടത്തിൽപ്പെട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. വാഹനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts