മഴ കുറഞ്ഞതോടെ കർണാടകയിലെ പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് വേഗത്തിൽ താഴുന്നു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിൽ സ്ഥിതി ചെയ്യുന്ന കൃഷ്ണരാജസാഗർ (കെ.ആർ.എസ്) അണക്കെട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുകിപ്പോകുന്നതാണ് സ്ഥിതി സങ്കീർണ്ണമാക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് വരും ദിവസങ്ങളിൽ ബെംഗളൂരു അടക്കമുള്ള പ്രധാന നഗരങ്ങളിലെ കുടിവെള്ള വിതരണത്തെയും കാർഷിക ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കെ.ആർ.എസ് റിസർവോയറിലെ ജലനിരപ്പിൽ ഏകദേശം മൂന്നടിയോളം കുറവാണ് രേഖപ്പെടുത്തിയത്. 111 അടിയായിരുന്ന ജലനിരപ്പ് നിലവിൽ 108.16 അടിയായി താഴ്ന്നു. റിസർവോയറിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറയുകയും എന്നാൽ പുറത്തേക്കുള്ള ഒഴുക്ക് വർദ്ധിക്കുകയും ചെയ്തതാണ് പ്രധാന തിരിച്ചടിയായത്. നിലവിൽ 2,666 ക്യുസെക്സ് വെള്ളം മാത്രം അണക്കെട്ടിലേക്ക് എത്തുമ്പോൾ, 9,252 ക്യുസെക്സ് വെള്ളം നദിയിലേക്ക് തുറന്നുവിടുന്നുണ്ട്. അണക്കെട്ടിലേക്ക് പ്രധാനമായും വെള്ളമെത്തുന്ന ഹേമാവതി റിസർവോയറിൽ നിന്ന് 4,500 ക്യുസെക്സ് വെള്ളം തുറന്നുവിടുന്നുണ്ടെങ്കിലും കെ.ആർ.എസിൽ അതിന്റെ പകുതിയോളം മാത്രമാണ് രേഖപ്പെടുത്തുന്നത്. ഈ ജലക്കണക്കിലെ വ്യത്യാസത്തെക്കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ വ്യക്തത വേണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.
കെ.ആർ.എസിന് പുറമെ കബിനി, ഹേമാവതി, ഹാരങ്കി തുടങ്ങിയ മറ്റ് പ്രധാന ജലസംഭരണികളിലും വെള്ളം കുറയുന്നത് കർഷകരെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. 124.80 അടി പരമാവധി സംഭരണ ശേഷിയുള്ള കെ.ആർ.എസ് അണക്കെട്ടിന്റെ ആകെ സംഭരണശേഷി 49.452 ടി.എം.സി ആണ്. എന്നാൽ നിലവിലത് 29.911 ടി.എം.സിയായി ചുരുങ്ങി. മഴ വീണ്ടും കനിഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകും. തമിഴ്നാട്ടിലേക്കുള്ള ജലപ്രവാഹം, പ്രാദേശിക കാർഷിക ആവശ്യങ്ങൾ, ബെംഗളൂരു നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങൾ എന്നിവ സന്തുലിതമായി കൊണ്ടുപോകുന്നത് വരും ദിവസങ്ങളിൽ സർക്കാരിന് വലിയ വെല്ലുവിളിയാകും.
ബെംഗളൂരു ദാഹിച്ചുവലയും? കെ.ആർ.എസിൽ ജലനിരപ്പ് കുത്തനെ താഴുന്നു; തമിഴ്നാട്ടിലേക്ക് വൻതോതിൽ വെള്ളമൊഴുക്കുന്നതിൽ ദുരൂഹത!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
