ബെം​ഗളൂരുവിലെ ടൊമാറ്റോ ഫെസ്റ്റിവൽ; 600 ഓളം പേരുടെ ടിക്കറ്റ് പാഴായി; സംഘാടകർ പിന്മാറി; കാരണം അറിയാം

ബെംഗളൂരു: സ്പെയിനിലെ പ്രശസ്തമായ തക്കാളിയേറ് ഉത്സവത്തിന്റെ മാതൃകയിൽ ബെംഗളൂരുവിൽ സംഘടിപ്പിക്കാനിരുന്ന ‘ടൊമാറ്റിന ഫെസ്റ്റിവൽ’ തക്കാളിയില്ലാതെ നടക്കും. ഭക്ഷണം പാഴാക്കുന്നതിനെതിരെ ഉയർന്ന ഓൺലൈൻ ഹർജിയെയും പോലീസ് പരാതിയെയും തുടർന്നാണ് പ്രധാന ആകർഷണമായ തക്കാളിയെ ആഘോഷത്തിൽ നിന്ന് ഒഴിവാക്കാൻ സംഘാടകർ നിർബന്ധിതരായത്. നിശ്ചയിച്ചതുപോലെ ഞായറാഴ്ച തന്നെ പരിപാടി നടക്കുമെങ്കിലും തക്കാളിക്ക് പകരം ഫോം പന്തുകളും കളർ വെള്ളം നിറച്ച ബലൂണുകളും ബബിളുകളും ഉപയോഗിച്ചായിരിക്കും ആഘോഷം.

പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് തക്കാളിയേറ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് സംഘാടകരായ ഹൈപ്‌വേവ് കൾച്ചറിന്റെ സ്ഥാപകൻ യോഗേഷ് കദം വ്യക്തമാക്കി. ചന്നപട്ടണയിലെ കർഷകരിൽ നിന്ന് വിപണിയിലെ ഇരട്ടി വില നൽകി 5 മുതൽ 10 കിലോഗ്രാം വരെ തക്കാളി വാങ്ങാനായിരുന്നു സംഘാടകരുടെ പദ്ധതി. വിപണിയിൽ നല്ല വില ലഭിക്കാത്ത കർഷകർക്ക് ഇത് ആശ്വാസമാകുമെന്ന കരുതലിലായിരുന്നു നീക്കം.

എന്നാൽ, പട്ടിണിയും പാവപ്പെട്ടവരും ഉള്ള ഒരു രാജ്യത്ത് ഭക്ഷണം ഇത്തരത്തിൽ നശിപ്പിച്ചു കളയുന്നത് ധാർമ്മികമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി നാടക പ്രവർത്തകനായ അഭിഷേക് അയ്യങ്കാറും സുഹൃത്തുക്കളും രംഗത്തെത്തുകയായിരുന്നു. ചീഞ്ഞതും ഉപയോഗശൂന്യവുമായ തക്കാളികളാണ് പരിപാടിക്ക് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഇവർ സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. 2011-ൽ അന്നത്തെ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ സമാനമായ ഒരു ഫെസ്റ്റിവൽ ബെംഗളൂരുവിലും മൈസൂരുവിലും നിരോധിച്ചിരുന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടി.

അതേസമയം, കർഷകർക്ക് അധിക വരുമാനം ലഭിക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വലുപ്പത്തിലോ രൂപത്തിലോ വ്യത്യാസമുള്ളതിനാൽ വിറ്റഴിക്കാൻ സാധിക്കാത്ത തക്കാളികൾ ഇത്തരം ആവശ്യങ്ങൾക്ക് നൽകുന്നത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്ന് കോലാറിൽ നിന്നുള്ള കൃഷി പഠന വിദ്യാർത്ഥി പവാന വി. അഭിപ്രായപ്പെട്ടു. തക്കാളി ഉപേക്ഷിച്ചെങ്കിലും രജിസ്റ്റർ ചെയ്ത 600 പേരിൽ ഒരാൾ മാത്രമാണ് ഇതുവരെ ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടതെന്ന് സംഘാടകർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts