പോലീസ് പിടിച്ചെടുത്തോ? വ്യാജവാർത്ത വിശ്വസിച്ച് രാത്രി റോഡിലിറങ്ങിയത് നൂറുകണക്കിന് യുവാക്കൾ!

ബെംഗളൂരു: എയർപോർട്ട് റോഡ് മേൽപ്പാലത്തിൽ സെപ്റ്റംബർ 4 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയന്ത്രണത്തിന് മുന്നോടിയായി ബെംഗളൂരുവിൽ ബൈക്ക് പ്രേമികളുടെ വൻ കൂട്ടായ്മ. ‘വൺ ലാസ്റ്റ് റൈഡ്’ എന്ന പേരിൽ സെപ്റ്റംബർ 2, 3 തീയതികളിൽ രാത്രി നൂറുകണക്കിന് ബൈക്കർമാരാണ് ദേവനഹള്ളി ഭാഗത്തേക്ക് റൈഡ് സംഘടിപ്പിച്ചത്.

സഞ്ജീവ് നഗർ ക്രോസ് മുതൽ വിദ്യാശിൽപ് ജംഗ്ഷൻ വരെയുള്ള ആറ് കിലോമീറ്റർ വരുന്ന എയർപോർട്ട് റോഡ് മേൽപ്പാലത്തിലാണ് ഇരുചക്രവാഹനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മേൽപ്പാലത്തിന് താഴെയുള്ള സാധാരണ റോഡിലൂടെ ബൈക്കുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാം. ഇടുങ്ങിയ റോഡിലെ അപകട സാധ്യതകൾ, വാഹനങ്ങൾ കേടാകുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക്, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രയാസം എന്നിവ ചൂണ്ടിക്കാട്ടിയാണ് ട്രാഫിക് പോലീസ് ഈ തീരുമാനമെടുത്തത്.

എന്നാൽ, എയർപോർട്ട് റോഡിലെ മുഴുവൻ ഫ്ലൈഓവറുകളിലും ബൈക്കുകൾ പൂർണമായി നിരോധിക്കുകയാണെന്ന രീതിയിൽ തെറ്റായ വിവരങ്ങൾ പ്രചരിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. അവസാനമായി ഒരിക്കൽക്കൂടി ഈ വഴിയിലൂടെ റൈഡ് നടത്താം എന്നാവശ്യപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വലിയ തോതിൽ ബൈക്കർമാർ രാത്രി റോഡിലിറങ്ങിയത്.

വർഷങ്ങളായി പുലർച്ചെയും രാത്രി വൈകിയും ഏയർപോർട്ട് റോഡിലൂടെ ബൈക്ക് റൈഡ് നടത്തിയിരുന്ന യുവാക്കൾക്ക് പോലീസിന്റെ പുതിയ തീരുമാനം വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. വേഗതയേക്കാൾ ഉപരി ബെംഗളൂരുവിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായി യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്രിയപ്പെട്ട വഴിയായിരുന്നു ഇതെന്നും എന്നാൽ റോഡിലെ ചിലരുടെ അശ്രദ്ധമായ ഡ്രൈവിംഗും വലിയ ബഹളങ്ങളും ഇത്തരമൊരു നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിച്ചുവെന്നും ബൈക്ക് പ്രേമികൾ വ്യക്തമാക്കുന്നു.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത ബൈക്കർമാരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തുവെന്ന തരത്തിൽ ഉയർന്ന പ്രചാരണങ്ങൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചു. വ്യാജവാർത്തകൾ വിശ്വസിച്ച് എത്തിയ ബൈക്ക് യാത്രികരെ തടഞ്ഞുനിർത്തി യഥാർത്ഥ ഉത്തരവിനെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് പോലീസ് ചെയ്തതെന്നും വാഹനങ്ങളൊന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts