ടാക്സ് അടച്ചവർ താഴെ, മേൽപ്പാലങ്ങളിൽ വിലക്ക്! 10 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥാനത്ത് അരമണിക്കൂർ കുരുക്ക്! ബെംഗളൂരു യാത്രക്കാരെ വട്ടംകറക്കുന്ന പുതിയ പരിഷ്കാരം

ബെംഗളൂരു: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിച്ച മേൽപ്പാലങ്ങളിൽ പ്രവേശിക്കുന്നതിന് ചില വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സാധാരണ റോഡുകളെ വീണ്ടും കുരുക്കിലാക്കുന്നു. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഗുഡ്സ് വാഹനങ്ങൾ, ചില ഭാരമേറിയ വാഹനങ്ങൾ എന്നിവയ്ക്കാണ് പ്രധാന ഫ്ലൈഓവറുകളിൽ പ്രവേശിക്കുന്നതിന് പോലീസിന്റെ വിലക്കുള്ളത്. ഇതോടെ ഈ വാഹനങ്ങളെല്ലാം ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡുകളിലേക്ക് തിരിച്ചുവിടപ്പെടുകയും പ്രധാന കവലകളിൽ കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്യുകയാണ്.

ഇന്റർനാഷണൽ എയർപോർട്ട് റോഡ്, പീന്യ എലവേറ്റഡ് കോറിഡോർ, മൈസൂരു റോഡിലെ ബി.ജി.എസ് ഫ്ലൈഓവർ, സിൽക്ക് ബോർഡ്-രാഗിഗുഡ്ഡ ഡബിൾ ഡെക്കർ ഫ്ലൈഓവർ എന്നീ നാല് പ്രധാന മേൽപ്പാലങ്ങളിൽ നടത്തിയ പരിശോധനയിൽ സമ്മിശ്രമായ ചിത്രമാണ് വ്യക്തമാകുന്നത്. അപകടങ്ങൾ കുറയ്ക്കാൻ ഈ നിയന്ത്രണങ്ങൾ സഹായിക്കുന്നുണ്ടെന്ന് ട്രാഫിക് പോലീസ് അവകാശപ്പെടുമ്പോൾ, വാഹനങ്ങൾ താഴത്തെ റോഡുകളിലേക്ക് തിരിച്ചുവിടുന്നത് യാത്രാസമയം ഇരട്ടിയാക്കുന്നതായി ഡ്രൈവർമാരും യാത്രക്കാരും പരാതിപ്പെടുന്നു. ടാക്സ് അടച്ച് യാത്ര ചെയ്യുന്ന തങ്ങളെ എന്തിന് റോഡിൽ തടയുന്നുവെന്ന് ചോദിച്ച് പലയിടത്തും യാത്രക്കാരും പോലീസും തമ്മിൽ വാക്കുതർക്കവും നടക്കുന്നുണ്ട്.

അപകടങ്ങൾ ഒഴിവാക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷധ്യമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുള്ളതെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഇതിന്റെ ആഘാതം പൂർണമായി പഠിച്ച ശേഷമായിരിക്കും പ്രായോഗികമായ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുക.

എയർപോർട്ട് റോഡ് കോറിഡോർ (സഞ്ജീവ് നഗർ ക്രോസ് മുതൽ വിദ്യാശിൽപ് ജംഗ്ഷൻ വരെ)

എയർപോർട്ട് റോഡിൽ തിരക്കേറിയ സമയങ്ങളിൽ നടത്തുന്ന വാഹന വഴിതിരിച്ചുവിടൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ജക്കൂരിൽ നിന്നുള്ള ഗതാഗതം രാവിലെയോടെ വർദ്ധിക്കുകയും ഉച്ചവരെ നീണ്ടുനിൽക്കുകയും ചെയ്യും. ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡുകളിലേക്ക് തിരിച്ചുവിടുന്നത് ബെട്ടഹലസൂർ, കുഡ്‌ലു ജംഗ്ഷൻ സിഗ്നലുകൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. യെലഹങ്ക മാർക്കറ്റ്, എയർ ഫോഴ്സ് സ്റ്റേഷൻ സിഗ്നലുകൾ വഴി യാത്ര ചെയ്യേണ്ടി വരുന്നതിനാൽ അര മണിക്കൂറിലധികം അധിക സമയം നഷ്ടപ്പെടുന്നുണ്ടെന്ന് യാത്രക്കാരനായ നവാസ് പറയുന്നു. എന്നാൽ മേൽപ്പാലത്തിൽ 50 കിലോമീറ്ററിലധികം വേഗതയിൽ ഓട്ടോ ഓടിക്കുമ്പോൾ വാഹനം നിയന്ത്രണം വിടാൻ സാധ്യതയുണ്ടെന്നും അതിനാൽ ഈ നിരോധനം നല്ലതാണെന്നുമാണ് ഓട്ടോ ഡ്രൈവറായ സതീഷ് വ്യക്തമാക്കുന്നത്.

പീന്യ എലവേറ്റഡ് കോറിഡോർ

അതിവേഗത്തിൽ പോകുന്ന വാഹനങ്ങളെ തടഞ്ഞുനിർത്തി സർവീസ് റോഡിലേക്ക് തിരിച്ചുവിടുന്നത് പോലീസിനും മറ്റ് യാത്രക്കാർക്കും വലിയ സുരക്ഷാ ഭീഷണിയാകുന്നുണ്ട്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലുമാണ് ഇത് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്. മേൽപ്പാലത്തിലൂടെ കേവലം 10 മിനിറ്റ് കൊണ്ട് കടന്നുപോകാൻ കഴിയുന്നിടത്ത് താഴത്തെ റോഡിലൂടെ പോകാൻ 30 മുതൽ 35 മിനിറ്റ് വരെ സമയമെടുക്കുന്നുണ്ടെന്ന് ഓട്ടോ ഡ്രൈവറായ വീരണ്ണ വ്യക്തമാക്കുന്നു.

ബി.ജി.എസ് ഫ്ലൈഓവർ, മൈസൂരു റോഡ്

മൈസൂരു റോഡ് ഫ്ലൈഓവറിൽ നിന്ന് തിരിച്ചുവിടുന്ന ചരക്കുവാഹനങ്ങൾ മാർക്കറ്റ് സർക്കിൾ, മൈസൂരു സർക്കിൾ, റിലയൻസ് സർക്കിൾ എന്നിവിടങ്ങളിലെ സിഗ്നലുകളിൽ നീണ്ട നിരയായി കിടക്കുകയാണ്. അഞ്ച് സിഗ്നലുകൾ കടന്നുപോകേണ്ടി വരുന്നതിനാൽ അരമണിക്കൂറോളം യാത്ര വൈകുന്നുണ്ടെന്ന് ഡ്രൈവർമാർ പരാതിപ്പെടുന്നു.

സിൽക്ക് ബോർഡ്-രാഗിഗുഡ്ഡ ഡബിൾ ഡെക്കർ ഫ്ലൈഓവർ

മറ്റ് മേൽപ്പാലങ്ങളെ അപേക്ഷിച്ച് ഇവിടെ സ്ഥിതി താരതമ്യേന ശാന്തമാണ്. വളരെ കുറച്ച് ഭാരമേറിയ വാഹനങ്ങൾ മാത്രമാണ് ഈ വഴിയെത്തുന്നത് എന്നതിനാലും, പോലീസ് നിർദ്ദേശങ്ങൾ ഡ്രൈവർമാർ കൃത്യമായി പാലിക്കുന്നതിനാലും വലിയ രീതിയിലുള്ള തടസ്സങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts