ബെംഗളൂരു ഗണേശോത്സവം: സുരക്ഷ ശക്തമാക്കി പൊലീസ്; കർശന നിർദ്ദേശങ്ങളുമായി കമ്മീഷണർ

ബെംഗളൂരു: നഗരത്തിൽ ഗണേശോത്സവ ആഘോഷങ്ങൾ സമാധാനപരമായി നടത്തുന്നതിനായി കർശന നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തി ബെംഗളൂരു സിറ്റി പൊലീസ്. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി.

ആഘോഷങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം സംഘാടകർക്കായിരിക്കുമെന്നും നിർദ്ദിഷ്ട നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിനും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കും (GBA) നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗണേശ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പൊലീസ്, പ്രാദേശിക ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചാൽ മാത്രമേ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാൻ അനുവദിക്കൂ.

ശബ്ദമലനീകരണവും മറ്റ് സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവുകൾ പൂർണ്ണമായും പാലിക്കേണ്ടതുണ്ട്. ഇതിൽ യാതൊരുവിധ വീഴ്ചയും വരുത്താൻ കഴിയില്ലെന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രകൾ നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ചും അനുവദിക്കപ്പെട്ടിട്ടുള്ള റൂട്ടുകളിലൂടെയും മാത്രമേ നടത്താവൂ. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി സംഘാടകർ തങ്ങളുടെ വോളന്റിയർമാരുടെ പൂർണ്ണമായ പട്ടിക അതത് പൊലീസ് സ്റ്റേഷനുകളിൽ സമർപ്പിക്കേണ്ടതുണ്ട്.

ഘോഷയാത്രകൾ കടന്നുപോകുന്ന പാതകളും ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്ന സ്ഥലങ്ങളും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും അതത് മേഖലകളിലെ ഡിസിപിമാരും നേരിട്ടെത്തി സന്ദർശിച്ച് സുരക്ഷ വിലയിരുത്തും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലോ നിയമലംഘനം നടത്തിയോ ആഘോഷങ്ങൾ സംഘടിപ്പിച്ചാൽ സംഘാടകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts